24 മത്സരവും പൂര്‍ത്തിയാക്കിയ ഒഡിഷ എഫ് സി 33 പോയിന്റുമായി മുംബൈക്ക് മുന്നില്‍ ആറാം സ്ഥാനത്തായിരുന്നു.

ബെംഗളൂരു: മുംബൈ സിറ്റി എഫ്‌സി ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫില്‍. ലീഗില്‍ അവരുടെ അവസാന മത്സരത്തില്‍ ബെംഗളൂരു എഫ്‌സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചതോടെയാണ് മുംബൈ പ്ലേ ഓഫിലെത്തിയത്. ഇതോടെ ഒഡീഷ എഫ്‌സി പുറത്തായി. ആദ്യ ആറ് സ്ഥാനക്കാരാനാണ് പ്ലേ ഓഫിന് യോഗ്യത നേടുക. ആറാം സ്ഥാനത്താണ് മുംബൈ. നാലാമതുള്ള ബെംഗളൂരു എഫ്‌സി നേരത്തെ പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. ലാലിയന്‍സ്വാല ചാങ്‌തെ, നിക്കോസ് കരേലിസ് എന്നിവരാണ് മുംബൈയുടെ ഗോളുകള്‍ നേടിയത്. രണ്ട് ഗോളുകളും ആദ്യ പകുതിയിലായിരുന്നു.

ഈ മത്സരത്തിന് മുമ്പ് മുംബൈ ഏഴാം സ്ഥാനത്തായിരുന്നു. 23 കളിയില്‍ 33 പോയിന്റാണ് അവര്‍ക്കുണ്ടായിരുന്നത്. ബെംഗളുരൂവിനെതിരെ സമനില നേടിയാലും മുംബൈയ്ക്ക് പ്ലേ ഓഫിലെത്താമായിരുന്നു. 24 മത്സരവും പൂര്‍ത്തിയാക്കിയ ഒഡിഷ എഫ് സി 33 പോയിന്റുമായി മുംബൈക്ക് മുന്നില്‍ ആറാം സ്ഥാനത്തായിരുന്നു. മുംബൈ തോറ്റാല്‍ ഒഡിഷയാവും പ്ലേ ഓഫിലെത്തുക. എന്നാല്‍ നിര്‍ണായക മത്സരത്തില്‍ മുംബൈ ജയം തന്നെ സ്വന്തമാക്കി. ഇപ്പോള്‍ അവര്‍ക്ക് 24 മത്സരങ്ങളില്‍ 36 പോയിന്റാണുള്ളത്.

രോഹിത് ചാംപ്യന്‍സ് ട്രോഫി മറന്നുവെച്ചോ? പ്രചരിക്കുന്നതല്ല യഥാര്‍ത്ഥ്യം, സത്യകഥ ഇങ്ങനെ; വീഡിയോ

മത്സരത്തിലൊന്നാകെ ആധിപത്യം നേടിയ മുംബൈ എട്ടാം മിനിറ്റില്‍ തന്നെ മുന്നിലെത്തി. ചാങ്‌തെയാണ് മുംബൈക്ക് ലീഡ് സമ്മാനിച്ചത്. കരേലിസിന്റെ അസിസ്റ്റിലായിരുന്നു ഗോള്‍. പിന്നാലെ 37-ാം മിനിറ്റില്‍ രണ്ടാം ഗോളും പിറന്നു. ഇത്തവണ കരേലിസ് പെനാല്‍റ്റിയിലൂടെ മുംബൈക്ക് ലീഡ് സമ്മാനിക്കുകയായിരുന്നു. ഈ ഗോള്‍ നിലയില്‍ ആദ്യപാതി അവസാനിക്കുകയും ചെയ്തു. രണ്ടാം പാതിയില്‍ ലീഡ് നിലനിര്‍ത്താനുള്ള ശ്രമമെല്ലാം മുംബൈ നടത്തിയതോടെ ബെംഗളൂരുവിന് തോല്‍വി സമ്മതിക്കേണ്ടി വന്നു. 

ലീഗ് ഘട്ടം നാളെ അവസാനിക്കും

ഐ എസ് എല്ലില്‍ ലീഗ് ഘട്ട മത്സരങ്ങള്‍ നാളെ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സ് അവസാന മത്സരത്തില്‍ ഹൈദരാബാദ് എഫ്സിയുമായി ഏറ്റുമുട്ടും. ഹൈദരാബാദില്‍ വൈകിട്ട് ഏഴരയ്ക്കാണ് മത്സരം തുടങ്ങുക. ജയത്തോടെ സീസണ്‍ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇരുടീമും അവസാന മത്സരത്തിനിറങ്ങുക. പ്ലേ ഓഫില്‍ എത്താതെ പുറത്തായ ബ്ലാസ്റ്റേഴ്സ് 28 പോയിന്റുമായി ഒന്‍പതും 17 പോയിന്റുമായി ഹൈദരാബാദ് പന്ത്രണ്ടും സ്ഥാനത്താണ്. കൊച്ചിയില്‍ ആദ്യപാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ഹൈദരാബാദ് ഒന്നിനെതിരെ രണ്ട് ഗോളിന് ബ്ലാസ്റ്റേഴ്സിനെ തോല്‍പിച്ചിരുന്നു.