മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നിര്‍ണായക പോരാട്ടം. പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പിക്കാന്‍ മുംബൈ ഇന്ത്യന്‍സ് വൈകിട്ട് ഏഴരയ്ക്ക് ചെന്നൈയിന്‍ എഫ്‌സിയെ നേരിടും. ഇന്ന് ജയിച്ചാല്‍ മുംബൈക്ക് ആദ്യ നാലിലെത്താം. മറിച്ചാണ് ഫലമെങ്കില്‍ ചെന്നൈ ആദ്യ പ്ലേഓഫിന് യോഗ്യത നേടും. സമനിലയില്‍ അവസാനിക്കുകയാണെങ്കില്‍ മുംബൈക്ക് തന്നെയാണ് ബുദ്ധിമുട്ട്. 

17 കളിയില്‍ 26 പോയിന്റുമായി മുംബൈ നാലാം സ്ഥാനത്താണ്.  ഒരുമത്സരം കുറച്ച് കളിച്ച ചെന്നൈയിന്‍ 25 പോയിന്റുമായി അഞ്ചാമതും. സമനിലയിലേക്ക് നീണ്ടാല്‍ ചെന്നൈയിന് അവസാനമത്സരത്തിലേക്ക് പ്രതീക്ഷ നീട്ടാം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് ചെന്നൈയിന്റെ അവസാന മത്സരം.

ചെന്നൈയില്‍ ഇരുടീമും ഏറ്റുമുട്ടിയപ്പോള്‍ ഗോളടിക്കാതെ സമനിലയില്‍ പിരിയുകയായിരുന്നു. സ്‌ട്രൈക്കര്‍ അമിനെ ചിര്‍മിറ്റി സസ്‌പെന്‍ഷന്‍ കഴിഞ്ഞ് എത്തുന്നത് മുംബൈയ്ക്ക് കരുത്തുപകരും. ക്രിവെല്ലാറോ, വാല്‍സ്‌കിസ് എന്നിവരുടെ സ്‌കോറിംഗ് മികവിലാണ് ചെന്നൈയിന്റെ പ്രതീക്ഷ.

മുംബൈ 25 ഗോള്‍ നേടിയപ്പോള്‍ 28 എണ്ണംവഴങ്ങി. ചെന്നൈ 29 ഗോള്‍ നേടുകയും 24 ഗോള്‍ വഴങ്ങുകയും ചെയ്തു. ഗോവ, എടികെ, ബംഗളൂരു ടീമുകള്‍ നേരത്തേ, പ്ലേ ഓഫില്‍ സ്ഥാനം ഉറപ്പാക്കിയിരുന്നു.