പന്തടക്കത്തിലും കളി മികവിലും മധ്യപ്രദേശിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മിസോറം കാഴ്ചവെച്ചത്. 

കോഴിക്കോട്: ദേശീയ സീനിയര്‍ വനിതാ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിൽ (National senior women's football championship) കോര്‍പറേഷന്‍ സ്റ്റേഡിയത്തിലെ രണ്ടാം മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിന് മധ്യപ്രദേശിനെ തകര്‍ത്ത് മിസോറാം ജയം നേടി. പന്തടക്കത്തിലും കളി മികവിലും മധ്യപ്രദേശിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് മിസോറം കാഴ്ചവെച്ചത്. 

ഇടവേളയ്ക്ക് ഒരു ഗോളിന് മുന്നിലായിരുന്ന മിസോറം. ഇടവേള കഴിഞ്ഞ് തൊട്ടടുത്ത മിനുട്ടില്‍ തന്നെ ലീഡ് വര്‍ധിപ്പിച്ചു. തുടര്‍ന്ന് പെനാല്‍റ്റിയില്‍ നിന്നടക്കം രണ്ടു ഗോളുകള്‍ കൂടി നേടിയാണ് മിസോറം വിജയം ആഘോഷിച്ചത്. തുടര്‍ച്ചയായ രണ്ടാം മത്സരവും മിസോറം വിജയിച്ചതോടെ കേരളത്തിന്റെ ക്വാര്‍ട്ടര്‍ സ്വപ്‌നം മങ്ങി. ആദ്യകളിയില്‍ കേരളം 2-3ന് മിസോറമിനോട് പരാജയപ്പെട്ടിരുന്നു. 

മെഡിക്കല്‍കോളജ് ഒളിമ്പ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ആദ്യ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്ക് ഹരിയാന ആന്ധ്രപ്രദേശിനെ തോല്‍പ്പിച്ചു. ചാമ്പ്യന്‍ഷിപ്പില്‍ ഇന്ന് (01.12.2021) രാവിലെ കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍ രാവിലെ 9.30ന് നടക്കുന്ന ആദ്യ കളിയില്‍ മഹാരാഷ്ട്ര ജമ്മു ആന്റ് കശ്മീരിനെയും ഉച്ചയ്ക്ക് 2.30ന് നടക്കുന്ന കളിയില്‍ സിക്കിം അരുണാചല്‍പ്രദേശിനെയും നേരിടും. മെഡിക്കല്‍ കോളജ് ഗ്രൗണ്ടില്‍ രാവിലെ 9.30ന് തെലങ്കാന പഞ്ചാബിനെയും 2.30ന് വെസ്റ്റ് ബംഗാള്‍ തമിഴ്‌നാടിനെയും നേരിടും.