റിയോഡി ജനീറോ: സൂപ്പര്‍ താരം നെയ്മറെ ഉള്‍പ്പെടുത്തി അടുത്തമാസം കൊളംബിയക്കും പെറുവിനും എതിരെ നടക്കുന്ന സൗഹൃദ മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു. പിഎസ്‌ജി വിട്ട് നെയ്മര്‍ സ്പാനിഷ് ലീഗില്‍ തിരിച്ചെത്തിയേക്കുമെന്ന ആഭ്യൂഹങ്ങള്‍ ശക്തമാവുന്ന ഘട്ടത്തിലാണ് നെയ്മര്‍ വീണ്ടും ബ്രസീല്‍ ടീമിലെത്തുന്നത്. നെയ്മര്‍ക്കെതിരെ ഉയര്‍ ബലാത്സംഗ ആരോപണത്തില്‍ തെളിവില്ലെന്ന കാരണത്താല്‍ അധികൃതര്‍ തള്ളിയതിന് പിന്നാലെയാണ് താരം ദേശീയ ടീമില്‍ തിരിച്ചെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

നെയ്മര്‍ ടീമില്‍ തിരിച്ചെത്തിയതില്‍ സന്തോഷമുണ്ടെന്നും നെയ്മറെപ്പോലൊരു കളിക്കാരനെ അവഗണിക്കാനാവില്ലെന്നും കോച്ച് ടിറ്റെ പറഞ്ഞു.എന്നാല്‍ ക്ലബ്ബ് ഫുട്ബോളില്‍ നെയ്മര്‍ എവിടെ കളിക്കണമെന്ന കാര്യത്തില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ലെന്നും ടിറ്റെ വ്യക്തമാക്കി. നെയ്മര്‍ക്കായി സ്പാനിഷ് ഭീമന്‍മാരായ റയല്‍ മാഡ്രിഡും ബാഴ്സലോണയും രംഗത്തുണ്ട്.

ക്ലബ്ബ് മത്സരത്തിനിടെ പരിക്കേറ്റ ഗോള്‍ കീപ്പര്‍ അലിസണ്‍ ബെക്കര്‍ ബ്രസീല്‍ ടീമിലില്ല. കോണ്‍മിബോളിന്റെ രണ്ടുമാസ വിലക്ക് നേരിടുന്ന സട്രൈക്കര്‍ ഗബ്രിയേല്‍ ജീസസും ടീമില്‍ ഇടം നേടിയില്ല. സെപ്റ്റംബര്‍ ആറിന് മിയാമിയിലാണ് കൊളംബിയക്കെതിരായ ബ്രസീലിന്റെ സൗഹൃദമത്സരം.10ന് ലോസ് എയ്ഞ്ചല്‍സിലാണ് പെറുവിനെതിരായ മത്സരം. കഴിഞ്ഞ മാസം നടന്ന കോപ്പ അമേരിക്ക ഫൈനലില്‍ പെറുവിനെ കീഴടക്കിയാണ് ബ്രസീല്‍ കിരീടം നേടിയത്.