പാരീസ്: പിഎസ്ജി ആരാധകര്‍ക്ക് മുന്നില്‍ അത്ര നല്ല പേരല്ല നെയ്മര്‍ക്ക്. താരം സീസണ്‍ ആരംഭിക്കുന്നതിന് മുമ്പ് മുന്‍ ക്ലബ് ബാഴ്‌സലോണയിലേക്ക് ചേക്കേറാന്‍ ശ്രമിച്ചതാണ് ആരാധകരെ ചൊടിപ്പിച്ചത്. പുതിയ സീസണില്‍ പിഎസ്ജി ജേഴ്‌സിയില്‍ കൂവലോടെയാണ് നെയ്മറെ ആരാധകര്‍ എതിരേറ്റത്. എന്നാല്‍ ഗോളോടെ ടീമിനെ വിജയത്തിലേക്ക് നയിച്ച് നെയ്മര്‍ ആദ്യജയത്തില്‍ പങ്കാളിയായി. 

എങ്കിലും ആരാധകര്‍ വെറുതെയിരുന്നില്ല. അടുത്ത മത്സരത്തിലും നെയ്മര്‍ക്കെതിരെ ബാനറുകള്‍ ഉയര്‍ന്നു. എന്നാലിപ്പോള്‍ ഞെട്ടിക്കുന്ന പ്രസ്താവന നടത്തിയിരിക്കുകയാണ് നെയ്മര്‍. പിഎസ്ജിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ പോലും തയ്യാറാണെന്നാണ് ബ്രസീലിയന്‍ താരം പറയുന്നത്. എന്നാല്‍ ആരാധകരുടെ ഇഷ്ടം പിടിച്ചുപറ്റാനുള്ള ഒരടവ് മാത്രമാണെന്നാണ് വിമര്‍ശകരുടെ പക്ഷം.