പാരിസ്: ബ്രസീലിയൻ താരം നെയ്‌മർ ഈ സീസണിലും പിഎസ്‌ജിയിൽ തന്നെ കളിക്കും. നെയ്‌മറെ സ്വന്തമാക്കാനുള്ള ബാഴ്‌സലോണ അടക്കമുള്ള ക്ലബുകളുടെ ശ്രമങ്ങൾ വിജയിച്ചില്ല. പിഎസ്‌ജി ആവശ്യപ്പെട്ട തുക നൽകാൻ സ്‌പാനിഷ് ക്ലബുകൾക്കായില്ല. പിഎസ്‌ജിയില്‍ തുടരുമെന്ന കാര്യം കുടുംബത്തെ നെയ്‌മര്‍ അറിയിച്ചെന്നാണ് റിപ്പോര്‍ട്ട്.

2017ൽ 222 ദശലക്ഷം യൂറോയ്ക്കാണ് ബാഴ്സലോണയിൽ നിന്ന് നെയ്‌മറെ പിഎസ്‌ജി സ്വന്തമാക്കിയത്. ഇതേ തുക ഇപ്പോഴും കിട്ടണമെന്നായിരുന്നു പാരീസ് ക്ലബിന്‍റെ നിലപാട്. അന്‍റോയ്ൻ ഗ്രീസ്‌മാൻ ഫ്രങ്കീ ഡി ജോംഗ്, നെറ്റോ, ജൂനിയർ ഫിർപോ എന്നിവ‍ർക്കായി ഇതിനോടകം തന്നെ വലിയ തുക മുടക്കിയതിനാൽ ബാഴ്‌സയുടെ ശ്രമങ്ങൾ വഴിമുട്ടുകയായിരുന്നു. 

ട്രാൻസ്‌ഫർ തുകയ്‌ക്കൊപ്പം ഇവാൻ റാക്കിറ്റിച്ച്, ക്ലെയർ ടൊബാഡോ, ഒസ്‌മാൻ ഡെംബലേ എന്നിവരെ നൽകി കരാറിലെത്താൻ ബാഴ്‌സ അവസാന ശ്രമം നടത്തിയിരുന്നു. എന്നാൽ പിഎസ്ജിയിലേക്ക് പോകാൻ ഡെംബലേ വിസമ്മതിച്ചത് ബാഴ്‌സയ്ക്ക് തിരിച്ചടിയായി. തുടക്കം മുതലേ റയൽ മാഡ്രിഡ് കരാറിനായി ശ്രമിച്ചെങ്കിലും നെയ്‌മർ ബാഴ്‌സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിച്ചത് തിരിച്ചടിയായി. 

കരാർ കാര്യത്തിൽ വ്യക്തത ഇല്ലാത്തതിനാൽ പിഎസ്‌ജി കോച്ച് തോമസ് ടുഷേൽ സീസണിൽ ഇതുവരെ നെയ്‌മറെ കളിപ്പിച്ചിട്ടില്ല. കരാർ സാധ്യമല്ലെന്ന് ഉറപ്പായതോടെ പിഎസ്ജിയിൽ കളിക്കാമെന്ന് നെയ്‌മർ ടീം മാനേജ്‌മെന്‍റിനെ അറിയിച്ചിട്ടുണ്ട്. ഈമാസം ഏഴിനും പതിനൊന്നിനും നടക്കുന്ന ബ്രസീലിന്‍റെ രാജ്യാന്തര മത്സരങ്ങൾക്കു ശേഷമേ നെയ്‌മർ പി‌എസ്‌ജി നിരയിൽ തിരിച്ചെത്തൂ.