ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിരുന്നു. എന്നാൽ ഭാഗ്യം ആഫ്രിക്കൻ ടീമിനൊപ്പമുണ്ടായിരുന്നില്ല.
ന്യൂജേഴ്സി: ഫിഫ ലോകകപ്പില്‍ കിലിയന്‍ എംബാപ്പെയുടെ ഇരട്ട ഗോള്‍ മികവില്‍ സെനഗലിനെ വീഴ്ത്തി ഫ്രാന്‍സ്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഫ്രാന്‍സിന്‍റെ ജയം. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലായിരുന്നു എല്ലാ ഗോളുകളും. ഫ്രാന്‍സിനായി കിലിയന്‍ എംബാപ്പെ രണ്ട് ഗോള്‍ നേടിയപ്പോൾ പകരക്കാരനായി ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള ഫ്രാന്‍സിന്‍റെ ഗോള്‍പ്പട്ടിക തികച്ചു.സെനഗലിനായി 18 കാരനായ ഇബ്രാഹിം എംബായെ ആശ്വാസ ഗോൾ നേടി.
ആദ്യ പകുതിയിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടിയ ഫ്രാൻസിനെ സെനഗൽ ശരിക്കും വിറപ്പിച്ചിരുന്നു. എന്നാൽ ഭാഗ്യം ആഫ്രിക്കൻ ടീമിനൊപ്പമുണ്ടായിരുന്നില്ല.സെനഗൽ സൂപ്പർ താരം നിക്കോളാസ് ജാക്‌സന്‍റെ ഒരു കിടിലൻ ഷോട്ട് ഫ്രഞ്ച് പോസ്റ്റിന്‍റഎ പോസ്റ്റിലിടിച്ചു മടങ്ങി. ഒന്നാം പകുതി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ ഇസ്മായില സാറിന് ലഭിച്ച സുവർണ്ണാവസരം പോസ്റ്റിന് മുകളിലൂടെ പറന്നുപോയത് സെനഗലിന് വലിയ തിരിച്ചടിയായി. ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.
രണ്ടാം പകുതിയിൽ ഫ്രാൻസ് കളി മാറ്റി. 61-ാം മിനിറ്റിൽ ബോക്സിനുള്ളിൽ വെച്ച് എംബാപ്പെയെ സെനഗൽ താരം സാഡിയോ മാനെ ഫൗൾ ചെയ്തതിന് ഫ്രാന്‍സ് പെനൽറ്റിക്കായി മുറവിളി കൂട്ടിയെങ്കിലും വാര്‍ പരിശോധനക്ക് ശേഷം റഫറി പെനൽറ്റി അനുവദിച്ചില്ല. എന്നാല്‍ 66-ാം മിനിറ്റിൽ മൈക്കൽ ഒലീസെയുടെ ത്രൂ പാസ് സ്വീകരിച്ച് എംബാപ്പെ ഫ്രാൻസിനെ മുന്നിലെത്തിച്ചു (1-0). ഈ ഗോളോടെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരൻ എന്ന ഒലിവിയർ ജിറൂഡിന്റെ റെക്കോർഡിനൊപ്പം (57 ഗോളുകൾ) എംബാപ്പെ എത്തി.
ഗോൾ നേടിയതോടെ ഫ്രാൻസ് പരിശീലകൻ ദിദിയർ ദെഷാംപ്സ് വരുത്തിയ മാറ്റങ്ങൾ കളി പൂർണ്ണമായി ഫ്രാൻസിന്‍റെ കൈകളിലാക്കി. ഉസ്മാൻ ഡെംബെലെയ്ക്ക് പകരം ഇറങ്ങിയ ബ്രാഡ്‌ലി ബാർകോള സെനഗൽ പ്രതിരോധത്തിന്‍റെ താളം തെറ്റിച്ചു. 82-ാം മിനിറ്റിൽ അഡ്രിയാൻ റാബിയോട്ടിന്‍റെ മനോഹരമായ അസിസ്റ്റിൽ നിന്നും പന്ത് സ്വീകരിച്ച ബാർകോള, സെനഗൽ ഗോൾകീപ്പർ എഡ്വേർഡ് മെൻഡിയുടെ തലയ്ക്ക് മുകളിലൂടെ മനോഹരമായ ഒരു ചിപ്പ് ഷോട്ടിലൂടെ ഫ്രാൻസിന്‍റെ ലീഡ് രണ്ടാക്കി ഉയർത്തി (2-0).
മത്സരം ഫ്രാൻസ് ഏകപക്ഷീയമായി ജയിക്കുമെന്ന് കരുതിയിരിക്കെയാണ് ഇഞ്ചുറി ടൈമിൽ (90+5') പിഎസ്ജി കൗമാര താരം ഇബ്രാഹിം എംബായെയിലൂടെ സെനഗൽ ഒരു ഗോൾ മടക്കിയത്. ഫ്രഞ്ച് താരം ചൗമേനിയെ വെട്ടിച്ച് തകർപ്പൻ ഫിനിഷിംഗിലൂടെയാണ് 18 കാരൻ ഗോൾ നേടിയത് (2-1). എന്നാൽ സെനഗലിന്‍റെ ആഹ്ളാദത്തിന് വെറും ഒരു മിനിറ്റിന്‍റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. തൊട്ടടുത്ത മിനിറ്റിൽ തന്നെ (90+6') ലോങ് റേഞ്ചിൽ നിന്നുള്ള ഒരു കിടിലൻ ഷോട്ടിലൂടെ എംബാപ്പെ ഫ്രാൻസിന്‍റെ മൂന്നാം ഗോളും തന്‍റെ രണ്ടാം ഗോളും നേടി സെനഗലിന്‍റെ തിരിച്ചുവരവ് സാധ്യതകൾ പൂർണ്ണമായി അവസാനിപ്പിച്ചു. ഈ ഗോളോടെ 58 അന്താരാഷ്ട്ര ഗോളുകളുമായി എംബാപ്പെ ഫ്രാൻസിന്‍റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായി മാറി. ഒപ്പം ലോകകപ്പിൽ 14 ഗോളുകളെന്ന ലയണൽ മെസിയുടെ നേട്ടത്തിനൊപ്പവും താരം എത്തിക്കഴിഞ്ഞു.
