ഗുവാഹത്തി: ഐഎസ്എല്ലില്‍ ആറ് ഗോള്‍ പിറന്ന മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും ജെംഷഡ്‌പൂര്‍ എഫ്‌സിയും സമനിലയില്‍ പിരിഞ്ഞു. ഗുവാഹത്തിയില്‍ ഇരുടീമും മൂന്ന് ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു. 

ഗോള്‍മഴ കണ്ട മത്സരത്തില്‍ നാലാം മിനുറ്റില്‍ വലകുലുങ്ങി. ഫെഡറിക്കോയുടെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് മുന്നില്‍. എന്നാല്‍ ഇടവേളയ്‌ക്ക് പിരിയും മുന്‍പ് ഇഞ്ചുറിടൈമില്‍ ഡേവിഡ് ഡ്രാന്‍ഡേ ജെംഷഡ്‌പൂരിനെ ഒപ്പമെത്തിച്ചു. രണ്ടാംപകുതി ഇരു ടീമും ഗോളടി മത്സരമാക്കി. വീണ്ടും മുന്നിലെത്തിയത് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ്. എന്നാല്‍ 77-ാം മിനുറ്റിലെ റദീമിന്‍റെ ഗോളിന് 82-ാം മിനുറ്റില്‍ അക്കോസ്റ്റയുടെ മറുപടി. ഇതോടെ 2-2. 

തൊട്ടുപിന്നാലെ എണ്‍പത്തിയഞ്ചാം മിനുറ്റില്‍ മോമോയുടെ ഗോളില്‍ ജെഷഡ്‌പൂര്‍ 3-2ന് മുന്നിലെത്തി. എന്നാല്‍ 88-ാം മിനുറ്റില്‍ ഡേവിഡിന്‍റെ ഗോളില്‍ നോര്‍ത്ത് ഈസ്റ്റ് സ്വന്തം തട്ടകത്തില്‍ സമനില പിടിച്ചു. ഇതിനിടെ എണ്‍പത്തിയേഴാം മിനുറ്റില്‍ ജെംഷഡ്‌പൂര്‍ താരം ഫറൂഖ് ചൗധരി ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായി. 

16 മത്സരങ്ങളില്‍ 17 പോയിന്‍റുള്ള ജെംഷഡ്‌പൂര്‍ ഏഴാം സ്ഥാനത്തും 15 കളിയില്‍ 13 പോയിന്‍റുള്ള നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഒന്‍പതാം സ്ഥാനത്തുമാണ്. 16 കളിയില്‍ 33 പോയിന്‍റുമായി എടികെ ഒന്നാംസ്ഥാനത്ത് തുടരുന്നു. ഇത്രതന്നെ പോയിന്‍റുള്ള എഫ്‌സി ഗോവയാണ് രണ്ടാമത്. 29 പോയിന്‍റുമായി ബെംഗളൂരു എഫ്‌സിയാണ് മൂന്നാംസ്ഥാനത്ത്.