മഡ്ഗാവ്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഒഡീഷ എഫ്‌സി ഇന്ന് ഹൈദാരാബാദ് എഫ്‌സിയെ നേരിടും. വൈകിട്ട് 7.30നാണ് മത്സരം. പുതിയ താരനിരയുമായിട്ടാണ് ഇരു ടീമുകളും എത്തുന്നത്. കഴിഞ്ഞ സീസണില്‍ പതിനെട്ട് കളിയില്‍ പന്ത്രണ്ടിലും തോറ്റ ഹൈദരാബാദ് 39 ഗോളാണ് വാങ്ങിക്കൂട്ടിയത്. ടീമിനൊപ്പം രണ്ട് ജയം മാത്രം. ഒഡിഷ ഏഴ് കളി ജയിച്ചപ്പോള്‍ 31 ഗോള്‍ വഴങ്ങി. 

ഇരുടീമും ഒട്ടേറെ മാറ്റങ്ങളുമായാണ് ഗോവയില്‍ ബൂട്ടുകെട്ടുന്നത്. ഹൈദരാബാദില്‍ നിന്ന് സ്വന്തമാക്കിയ മാര്‍സലീഞ്ഞോയ്‌ക്കൊപ്പം ബ്രസീലിയന്‍ വിംഗര്‍ ഡീഗോ മൗറീസിയോ കൂടി ചേരുമ്പോള്‍ ഒഡിഷയുടെ മുന്നേറ്റം ഭദ്രം. അഞ്ചാം സീസണിറങ്ങുമ്പോള്‍ 31 ഗോളും 18 അസിസ്റ്റുമാണ് മാര്‍സലീഞ്ഞോയുടെ പേരിനൊപ്പമുള്ളത്. പ്രതിരോധത്തിന്റെ ചുമതല ന്യൂകാസില്‍ യുണൈറ്റഡിന്റെ മുന്‍താരം സ്റ്റീവന്‍ ടൈലര്‍ക്കാണ്. വ്യക്തിഗത മികവിനെക്കാള്‍ ടീമിന്റെ ഒത്തൊരുമയും കെട്ടുറപ്പുമാണ് പ്രധാനമെന്ന് ഒഡിഷയുടെ ഇംഗ്ലീഷ് കോച്ച് സ്റ്റുവര്‍ട്ട് ബാക്സ്റ്റര്‍. 

സ്പാനിഷ് കരുത്തിലാണ് ഹൈദരാബാദിന്റെ പ്രതീക്ഷ. കോച്ച് മാനുവല്‍ മാര്‍ക്വേസ് റോക്കയും ഡിഫന്‍ഡര്‍ ഒഡെയ് ഒനൈന്‍ഡിയും മിഡ്ഫീല്‍ഡര്‍ ലൂയിസ് സാസ്‌ത്രേയും സ്‌ട്രൈക്കര്‍മാരായ അഡ്രിയന്‍ സാന്റാനയും ഫ്രാന്‍സിസ്‌കോ സാന്‍ഡാസയും സ്‌പെയ്‌നില്‍ നിന്നുള്ളവര്‍. രോഹിത് ധനു, ലിസ്റ്റണ്‍ കൊളാസോ, ആകാശ് മിശ്ര, നിഖില്‍ പൂജാരി, തുടങ്ങിയവര്‍ക്കൊപ്പം ഹാലിചരണ്‍ നര്‍സാരി, ഗോള്‍കീപ്പര്‍ സുബ്രത പോള്‍, സൗവിക് ചക്രവര്‍ത്തി തുടങ്ങിയവരും ഹൈദരാബാദ് നിരയിലുണ്ട്.