ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 41-കാരനായ റൊണാൾഡോയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല.
ന്യൂയോര്‍ക്ക്: ലോകകപ്പിലെ ആദ്യ മത്സരത്തിലെ നിരാശാജനകമായ പ്രകടനത്തിന് പിന്നാലെ ക്രിസ്റ്റ്യാനോ റൊണാൾഡോയ്‌ക്കെതിരെ ഉയർന്ന കടുത്ത വിമർശനങ്ങൾ തള്ളി മുൻ ഇംഗ്ലണ്ട് സൂപ്പർ സ്ട്രൈക്കർ മൈക്കൽ ഓവൻ. വരാനിരിക്കുന്ന ഉസ്ബെക്കിസ്ഥാനെതിരായ മത്സരത്തിൽ തകർപ്പൻ ഹാട്രിക്കോടെ റൊണാൾഡോ വിമർശകർക്ക് മറുപടി നൽകുമെന്നാണ് മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ് താരം കൂടിയായ ഓവൻ പറഞ്ഞു.
ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ 41-കാരനായ റൊണാൾഡോയ്ക്ക് കാര്യമായി ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. ഇതിന് പിന്നാലെ മുൻ യുണൈറ്റഡ് താരം പോൾ സ്കോൾസ് ഉൾപ്പെടെയുള്ളവർ റൊണാൾഡോ പോർച്ചുഗലിന് ഒരു "ബാധ്യത" യാവുകയാണെന്ന് പരസ്യമായി വിമർശിച്ചിരുന്നു. എന്നാൽ റൊണാൾഡോയുടെ ക്ലാസ്സ് എന്തെന്ന് വരും മത്സരങ്ങളിൽ കാണാമെന്നാണ് ഓവന്റെ പക്ഷം.
ഇതുപോലെയുള്ള സാഹചര്യങ്ങൾ ഇതിനുമുമ്പും എത്രയോ തവണ ഉണ്ടായിട്ടുണ്ട്. തൊട്ടടുത്ത മത്സരത്തിൽ തന്നെ റൊണാൾഡോ എല്ലാവരുടെയും വായടപ്പിച്ചിട്ടുമുണ്ട്. നിങ്ങൾ റൊണാൾഡോയെയാണ് ടീമിലെടുക്കുന്നതെങ്കിൽ, അദ്ദേഹം എന്തിനാണ് അവിടെയുള്ളതെന്ന് നിങ്ങൾ മനസ്സിലാക്കണം. ഉസ്ബെക്കിസ്ഥാനെതിരെ ഒരു ഹാട്രിക്കോടെ അദ്ദേഹം ഇതിന് മറുപടി നൽകിയാൽ ഞാൻ ഒട്ടും അത്ഭുതപ്പെടില്ല-മൈക്കല്‍ ഓവന്‍ വ്യക്തമാക്കി.
ആദ്യ മത്സരത്തിൽ അർജന്‍റീനയ്ക്കായി ലിയോണൽ മെസി തകർപ്പൻ ഹാട്രിക് നേടുകയും, മറ്റ് യുവതാരങ്ങളായ ഏർലിങ് ഹാലണ്ട്, കിലിയൻ എംബാപ്പെ, ഹാരി കെയ്ൻ എന്നിവർ ഇരട്ട ഗോളുകളോടെ തിളങ്ങുകയും ചെയ്തതാണ് റൊണാൾഡോയ്ക്ക് മേലുള്ള സമ്മർദ്ദം ഇരട്ടിയാക്കിയത്. കോംഗോയ്‌ക്കെതിരെ വെറും 25 ടച്ചുകൾ മാത്രം ലഭിച്ച റൊണാൾഡോ എടുത്ത മൂന്ന് ഷോട്ടുകളും ലക്ഷ്യം കാണാതെ പുറത്തുപോയിരുന്നു.
അന്താരാഷ്ട്ര ടൂർണമെന്‍റുകളിൽ (ലോകകപ്പ്, യൂറോ കപ്പ്) പോർച്ചുഗലിനായി തുടർച്ചയായ 10 മത്സരങ്ങളിൽ റൊണാൾഡോയ്ക്ക് ഗോൾ നേടാൻ കഴിഞ്ഞിട്ടില്ലെന്നതും വിമർശനങ്ങൾക്ക് കാരണമായി. ആദ്യ മത്സരത്തിലെ മോശം പ്രകടനത്തിന് പിന്നാലെ മാധ്യമപ്രവർത്തകരെ കൈവീശി ഒഴിവാക്കി താരം പരിശീലന മൈതാനത്തേക്ക് മടങ്ങുന്ന ദൃശ്യങ്ങളും വലിയ ചർച്ചയായിരുന്നു.
ഗോൾ അടിക്കാത്തപ്പോൾ റൊണാൾഡോയെ മാത്രം കുറ്റപ്പെടുത്തുന്നത് എളുപ്പമാണ്
റൊണാൾഡോയുടെ നിലവിലെ കളിശൈലിയെയും മൈക്കൽ ഓവൻ ശക്തമായി പിന്തുണച്ചു. പ്രായത്തിന്‍റെ മാറ്റങ്ങൾക്കനുസരിച്ച് പെനാൽറ്റി ബോക്സിനുള്ളിൽ മാത്രം കേന്ദ്രീകരിച്ച്, എതിരാളികളുടെ ഡിഫെൻഡർമാർക്കിടയിലെ വിടവുകൾ മുതലാക്കുന്ന ശൈലിയാണ് റൊണാൾഡോ ഇപ്പോൾ സ്വീകരിക്കുന്നത്. ബ്രൂണോ ഫെർണാണ്ടസ്, ബെർണാഡോ സിൽവ, ജോവോ നെവസ്, വിറ്റിൻഹ തുടങ്ങിയ പ്രതിഭകളാൽ സമ്പന്നമായ മധ്യനിരയാണ് പോർച്ചുഗലിന്റേത്. അതിനാൽ റൊണാൾഡോ കളി മെനയാൻ പിന്നോട്ട് ഇറങ്ങേണ്ടതില്ല. ഗോൾ വരാത്തപ്പോൾ റൊണാൾഡോയെ മാത്രം പ്രതിക്കൂട്ടിൽ നിർത്തുന്നത് ശരിയല്ലെന്നും കരിയറിലുടനീളം അദ്ദേഹം ഈ ശൈലിയിലാണ് തിളങ്ങിയിട്ടുള്ളതെന്നും ഓവൻ ഓർമ്മിപ്പിച്ചു.
