പാരീസ്: 2002ലെ ഫുട്ബോള്‍ ലോകകപ്പില്‍ ചാമ്പ്യന്‍മാരുടെ പകിട്ടോടെ എത്തിയ ഫ്രാന്‍സിനെ ആദ്യ മത്സരത്തില്‍ അട്ടിമറിച്ച സെനഗല്‍ ടീമിന്‍റെ വിജയഗോള്‍ നേടിയ പാപ്പ ബൂപ്പ ദിയൂപ്പ് അന്തരിച്ചു. 42 വയസായിരുന്നു. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഫുള്‍ഹാം, വെസ്റ്റ് ഹാം, പോര്‍ട്സ്മൗത്ത് ടീമുകളുടെ താരമായിരുന്ന ദിയൂപ്പ് ഇംഗ്ലണ്ടിലും ഫ്രാന്‍സിലും ഗ്രീസിലും സ്വിറ്റ്സര്‍ലന്‍ഡിലും വിവിധ ലീഗുകളില്‍ കളിച്ചു. സെനഗലിനായി 63 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്.

2002ലെ ലോകകപ്പില്‍ ഫാബിയന്‍ ബര്‍ത്തേസും ലിലിയന്‍ തുറാമും മാഴ്സല്‍ ഡിസേലിയും സില്‍വിയന്‍ വില്‍റ്റോഡും ഡേവിഡ് ട്രൈസഗെയും പാട്രിക് വിയേരയും തിയറി ഹെന്‍റിയും എല്ലാം അടങ്ങുന്ന ഫ്രാന്‍സിന്‍റെ വമ്പന്‍ താരനിരക്കെതിരെ ഗോള്‍ നേടിയാണ് ദിയൂപ്പ് താരമായത്. ഗ്രൂപ്പ് ഘട്ടത്തില്‍ യുറുഗ്വേയും സെനഗലും സമനിലയായ(3-3) മത്സരത്തില്‍ രണ്ട് ഗോളുകള്‍ ദിയൂപ്പിന്‍റെ ബൂട്ടുകളില്‍ നിന്നായിരുന്നു.

ഫ്രാന്‍സും ഡെന്‍മാര്‍ക്കും യുറുഗ്വേയും ഉള്‍പ്പെട്ട ഗ്രൂപ്പില്‍ രണ്ടാം സ്ഥാനക്കാരായി സെനഗല്‍ രണ്ടാം റൗണ്ടിലെത്തി ചരിത്രം സൃഷ്ടിച്ചത് ദിയൂപ്പിന്‍റെ ബൂട്ടുകളുടെ കരുത്തിലായിരുന്നു.സെനഗല്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ ഫുട്ബോള്‍ പന്ത് കാലില്‍ കിട്ടിയാല്‍ മൊട്ടത്തലയും കുലുക്കി പറപറക്കുന്ന ദിയൂപ്പിന്‍റെ മുഖം ആരാധകരുടെ മനസില്‍ തെളിയുമായിരുന്നു.