റിയോ ഡി ജനീറോ: പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യനിലയായതോടെ വിഷാദ രോഗത്തിന് അടിമയായെന്ന് മകന്‍ എഡീഞ്ഞോയുടെ വെളിപ്പെടുത്തല്‍ തള്ളിക്കളഞ്ഞ് ഫുട്ബോള്‍ ഇതിഹാസം പെലെ. താന്‍ സുഖമായിരിക്കുന്നുവെന്നും ശാരീരികമായ പരിമിതികളെ അതിന്റേതായ നിലയില്‍ സ്വീകരിക്കുന്നുവെന്നും പെലെ പറഞ്ഞു.

എനിക്ക് നല്ല ദിവസവും മോശം ദിവസവും ഉണ്ടാവാറുണ്ട്. എന്റെ പ്രായത്തിലുള്ള എല്ലാവര്‍ക്കും അത് സാധാരണമാണ്. അതിനെക്കുറിച്ച് എനിക്ക് പേടിയില്ല. ചെയ്യുന്ന കാര്യത്തില്‍ എനിക്ക് ആത്മവിശ്വാസവും ദൃഢനിശ്ചയവുമുണ്ട്-പെലെ പറഞ്ഞു. മുന്‍കൂട്ടി തീരുമാനിച്ച പലജോലികളും തീര്‍ക്കാനുള്ളതിനാല്‍ തിരക്കേറിയ ജിവിതമാണെന്നും പെലെ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുശേഷം പരസഹായമില്ലാതെ എഴുന്നേറ്റ് നടക്കാന്‍ പോലും കഴിയാത്ത ആരോഗ്യനിലയായതോടെ നാണക്കേട് ഭയന്ന് വീടിന് പുറത്തിറങ്ങാന്‍ പോലും പെലെ സന്നദ്ധനാകുന്നില്ലെന്ന് മകന്‍ എഡിഞ്ഞോ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

ഇടുപ്പ് മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് പിന്നാലെ വേണ്ട ചികിത്സകൾ നടത്താതിരുന്നതാണ് പെലയെ നടക്കാന്‍ പോലും പറ്റാത്ത അവസ്ഥയിലാക്കിയതെന്നും എഡിഞ്ഞോ വ്യക്തമാക്കിയിരുന്നു. ഫുട്ബോള്‍ ഗ്രൗണ്ടിലെ രാജാവായിരുന്നു പെലെ. ഇപ്പോഴത്തെ അവസ്ഥയില്‍ ആളുകള്‍ക്ക് മുന്‍പിലേക്കെത്തുന്നത് നാണക്കേടായാണ് അദ്ദേഹം കാണുന്നത്. ഇതാണ് പെലെയെ വിഷാദ രോഗിയാക്കിയതെന്നും എഡിഞ്ഞോ പറഞ്ഞിരുന്നു.

 മൂന്ന് ലോകകപ്പ് നേട്ടങ്ങളില്‍ പങ്കാളിയായിട്ടുള്ള ഒരേയൊരു ഫുട്ബോള്‍ താരമാണ് പെലെ. ബ്രസീല്‍ ക്ലബ്ബായ സാന്റോസിലായിരുന്നു കരിയറിലെ ഭൂരിഭാഗവും പെലെ കളിച്ചത്.1970കളില്‍ അദ്ദേഹം ന്യൂയോര്‍ക്ക് കോസ്മോസിലേക്ക് മാറി. പെലെയുടെ മൂന്നാം ലോകകപ്പ് നേട്ടത്തിന്റെ 50ാം വാര്‍ഷികം ആഘോഷിക്കാനിരിക്കെയായിരുന്നു താരത്തിന് പുറത്തുപോലും ഇറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് മകന്‍ വെളിപ്പെടുത്തിയത്.