ബാഴ്‌സലോണ: ബയേണ്‍ മ്യൂനിച്ചിനെതിരായ നാണംകെട്ട പരാജയം താങ്ങാനാവുന്നതല്ലെന്ന് ബാഴ്‌സലോണ പ്രതിരോധതാരം ജെറാര്‍ഡ് പിക്വെ. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പിക്വെ. പുലര്‍ച്ചെ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ എട്ട് ഗോളിനാനിയുരുന്നു ബയേണിന്റെ ജയം. ചാംപ്യന്‍സ് ലീഗ് ചരിത്രത്തില്‍ ബാഴ്‌സലോണയുടെ ഏറ്റവും വലിയ തോല്‍വിയാണ് ക്ലബ് നേരിട്ടത്. 

ക്ലബില്‍ കാര്യങ്ങള്‍ മാറേണ്ടതുണ്ടെന്നാണ് പിക്വെയുടെ പക്ഷം. അദ്ദേഹം തുടര്‍ന്നു... ''ബാഴ്‌സ അതിന്റെ ഏറ്റവും താഴേതട്ടിലാണ് നില്‍ക്കുന്നത്. ഇതിനേക്കാള്‍ വലിയ നാണക്കേട് ക്ലബിന് വരാനില്ല. ഇതാദ്യമായിട്ടല്ല ചാംപ്യന്‍സ് ലീഗില്‍ ബാഴ്‌സലോണ ഇത്രത്തോളം നാണംകെടുന്നത്. മാറ്റം വരുത്തേണ്ടതിനുള്ള ശ്രമങ്ങള്‍ ക്ലബ് തുടങ്ങേണ്ടിയിരിക്കുന്നു. ഇനിയും ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാവില്ല. 

ക്ലബിന്റെ അവസ്ഥ പരിശോധിക്കാന്‍ ബോര്‍ഡ് തയ്യാറാവണം. ഒരു താരവും ക്ലബിന് മുകളിലല്ല. യുവാക്കളെ കൊണ്ടുവന്ന് ക്ലബ് വിപുലപ്പെടുത്തണം. എന്റെ സ്ഥാനം വേണ്ടെന്ന് വെക്കാന്‍ പോലും ഞാന്‍ തയ്യാറാണ്. ബാഴ്‌സയുടെ നല്ലതിന് വേണ്ടി മാത്രമെ ക്ലബിനൊപ്പമുള്ളവര്‍ ചിന്തിക്കാവൂ.'' പിക്വെ പറഞ്ഞുനിര്‍ത്തി. 

അതേസമയം 2014 ലോകകപ്പില്‍ ബ്രസീലിനെ തോല്‍പ്പിച്ചതിനേക്കാള്‍ അനായാസമായിരുന്നു ബാഴ്‌സയ്‌ക്കെതിരായ മത്സരമെന്ന് ബയേണ്‍ താരം തോമസ് മുള്ളര്‍ അഭിപ്രായപ്പെട്ടു. ''ബാഴ്‌സലോണയ്‌ക്കെതിരെ തീര്‍ത്തും ഞങ്ങളുടെ ആധിപത്യമായിരുന്നു. അനായാസം അവരെ നേരിടാനായി. ബ്രസീലിനെതിരെ ഇത്രത്തോളം ആധിപത്യം പുലര്‍ത്താന്‍ ആയിരുന്നില്ല.'' മുള്ളര്‍ പറഞ്ഞുനിര്‍ത്തി.