സാഗ്രെബ്: കണ്‍കെട്ട് കൊണ്ട് ഇല്ലാത്ത കാര്യം ഉണ്ടെന്ന് തോന്നിപ്പിക്കാനും കണ്ടിരിക്കുന്നവരെ പറ്റിക്കാനും പറ്റും. എന്നാല്‍ ഇത് ഫുട്ബോള്‍ ഗ്രൗണ്ടിലായാലോ. ക്രൊയേഷന്‍ ലീഗില്‍ സാല്‍വന്‍ ബെലൂപോയും ഹാജ‌്ഡുക് സ്‌പ്ലിറ്റും തമ്മിലുള്ള മത്സരത്തിലാണ് 'പ്രേത' ഗോള്‍ പിറന്നത്. ഹാജ്‌ഡുക് ഗോള്‍ കീപ്പറുടെ പിഴവില്‍ നിന്ന് ബെലൂപോ ഗോള്‍ അടിച്ചതായി തോന്നുമെങ്കിലും യഥാര്‍ത്ഥത്തില്‍ അത് ഗോളായിരുന്നില്ല.

ഇക്കാര്യം തിരിച്ചറിയാതെ ബെലൂപോ കളിക്കാര്‍ ആഘോഷിക്കാന്‍ നില്‍ക്കെ പ്രത്യാക്രമണം നടത്തി എതിര്‍ ടീമിന്റെ വലയില്‍ പന്തെത്തിച്ച് ഹഡ്‌ജുക് മത്സരത്തില്‍ 2-0ന് ജയിക്കുകയും ചെയ്തു. ഹഡ്‌ജുക് ഗോള്‍ കീപ്പര്‍ സ്വന്തം ടീമിലെ കളിക്കാരന് എറിഞ്ഞു കൊടുത്ത പന്ത് എതിര്‍ ടീമിലെ കളിക്കാരന്റെ കാലിലെത്തുകയായിരുന്നു. ഹഡ്‌ജുക് ഗോള്‍ കീപ്പര്‍ സ്ഥാനം തെറ്റി നില്‍ക്കുന്നത് തിരിച്ചറിഞ്ഞ് ബെലുപോയുടെ കളിക്കാരന്‍ തൊടുത്ത ലോംഗ് റേഞ്ച് ഷോട്ട് ഗോള്‍ കീപ്പര്‍ രക്ഷപ്പെടുത്താന്‍ ശ്രമിക്കുന്നുണ്ടെങ്കിലും പന്ത് വലയ്ക്ക് അകത്ത് കയറിയെന്നാണ് വീഡിയോ കണ്ടാല്‍ തോന്നുക.

എന്നാല്‍ യഥാര്‍ത്ഥത്തില്‍ പന്ത് ഗോള്‍വര കടന്നിരുന്നില്ല. ഇത് തിരിച്ചറിയാതെ ഗോളാഘോഷിക്കാന്‍ നില്‍ക്കുന്നതിനിടെയാണ് ഹഡ്‌ജുക് രണ്ടാം ഗോള്‍ നേടി മത്സരം ജയിച്ചത്. ഇതോടെ ബെലൂപോ നേടിയ ഗോള്‍ എന്തുകൊണ്ട് ഗോളായില്ല എന്ന് തര്‍ക്കിക്കുകയാണ് ഫുട്ബോള്‍ ലോകം.