സ്‌പെയിനെതിരെ റൊണാള്‍ഡോയെ പകരക്കാരനായി ഇറക്കി പാളിയ തന്ത്രം പോര്‍ച്ചുഗള്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ആവര്‍ത്തിക്കില്ലെന്നുറപ്പ്. റൊണാള്‍ഡോയ്‌ക്കൊപ്പം ഡീഗോ ജോട്ടയും മുന്നേറ്റനിരയില്‍ തിരിച്ചെത്തും.

ലിസ്ബണ്‍: യുവേഫ നേഷന്‍സ് ലീഗില്‍ (UEFA Nations League) ആദ്യ ജയം ലക്ഷ്യമിട്ട് പോര്‍ച്ചുഗലും (Portugal) സ്‌പെയ്‌നും (Spain) ഇന്നിറങ്ങും. രാത്രി പന്ത്രണ്ടേകാലിനാണ് കളി തുടങ്ങുക. ഖത്തര്‍ ലോകകപ്പിന് ഒരുങ്ങുന്ന ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോര്‍ച്ചുഗലിന് സ്വിറ്റ്‌സര്‍ലന്‍ഡാണ് എതിരാളികള്‍. ആദ്യകളിയില്‍ സ്‌പെയിനോട് സമനില വഴങ്ങിയ പോര്‍ച്ചുഗലിന് ജയം അനിവാര്യം. ചെക്ക് റിപ്പബ്ലിക്കിനോട് തോറ്റിറങ്ങുന്ന സ്വിറ്റ്‌സലര്‍ഡിനാണ് കൂടുതല്‍ നിര്‍ണായകം. 

സ്‌പെയിനെതിരെ റൊണാള്‍ഡോയെ പകരക്കാരനായി ഇറക്കി പാളിയ തന്ത്രം പോര്‍ച്ചുഗള്‍ കോച്ച് ഫെര്‍ണാണ്ടോ സാന്റോസ് ആവര്‍ത്തിക്കില്ലെന്നുറപ്പ്. റൊണാള്‍ഡോയ്‌ക്കൊപ്പം ഡീഗോ ജോട്ടയും മുന്നേറ്റനിരയില്‍ തിരിച്ചെത്തും. മധ്യനിരയില്‍ ബ്രൂണോ ഫെര്‍ണാണ്ടസ്, ബെര്‍ണാര്‍ഡോ സില്‍വ എന്നിവരിലേക്കാണ് പോര്‍ച്ചുഗല്‍ ഉറ്റുനോക്കുന്നത്. ചെക്ക് റിപ്പബ്ലിക്കിനോട് ഇതുവരെ തോറ്റിട്ടില്ലെന്ന ചരിത്രത്തിന്റെ പിന്‍ബലവുമായാണ് സ്‌പെയ്ന്‍ ആദ്യജയത്തിനായി ഇറങ്ങുന്നത്. 

ലോകകപ്പിന് മുന്‍പ് കെട്ടുറപ്പുള്ള ടീമിനെ പടുത്തുയര്‍ത്തുകയാണ് സ്പാനിഷ് കോച്ച് ലൂയിസ് എന്റികെയുടെ ലക്ഷ്യം. അല്‍വാരോ മൊറാട്ടയും ഫെറാന്‍ ടോറസും മുന്നേറ്റനിരയിലുണ്ടെങ്കിലും ഗോള്‍കണ്ടെത്താന്‍ പ്രയാസപ്പെടുകയാണ്. ഗോളി ഡേവിഡ് ഡിഹിയ ടീമിലില്ലാത്തതും തിരിച്ചടി. പാട്രിക് ഷിക്കിന് പരിക്കേറ്റത് ചെക്ക് റിപ്പബ്ലിക്കിനും വിനയാവും. ഇരുടീമും ഏറ്റുമുട്ടി അഞ്ച് കളിയില്‍ നാലിലും സ്‌പെയ്‌നായിരുന്നു ജയം. ഇന്നത്തെ മറ്റൊരു മത്സരത്തില്‍ സ്വീഡന്‍ നോര്‍വേയുമായി ഏറ്റുമുട്ടും.

ഇറ്റലി- ജര്‍മനി മത്സരം സമനിലയില്‍

ജര്‍മനി- ഇറ്റലി മത്സരം സമനിലയില്‍ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോളുകള്‍ വീതം നേടി. ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം 70-ാം മിനിറ്റില്‍ ഇറ്റലി (Italy Football) ഗോള്‍ നേടി. ലോറന്‍സോ പെല്ലെഗ്രനിയാണ് അസൂറികള്‍ക്കായി വല കുലുക്കിയത്. എന്നാല്‍ മൂന്ന് മിനിറ്റ് മാത്രമായിരുന്നു ഗോള്‍ ആഘോഷങ്ങള്‍ക്ക് ആയുസ്. ജോഷ്വാ കിമ്മിഷ് ജര്‍മനിക്കായി സമനില ഗോള്‍ നേടി. ഗ്രൂപ്പില്‍ ഹംഗറിയാണ് മുന്നില്‍. 

ഇംംഗ്ലണ്ടിനെ (England Football) അട്ടിമറിച്ചാണ് ഹംഗറി ഒന്നാമതെത്തിയത്. എതിരില്ലാത ഒരു ഗോളിനായിരുന്നു ഫിഫ റാങ്കിംഗില്‍ 40-ാം സ്ഥാനത്തുള്ള ഹംഗറിയുടെ ജയം. ബുഡാപെസ്റ്റില്‍ നടന്ന മത്സരത്തില്‍ ഡൊമിനിക് സോബോസ്‌ലായ് ആണ് നിര്‍ണായക ഗോള്‍ നേടിയത്. 66-ാം മിനിറ്റിലായിരുന്നു ഗോള്‍. ഹംഗറി അറുപത് വര്‍ഷത്തിനിടെ ആദ്യമായാണ് ഇംഗ്ലണ്ടിനെ തോല്‍പിക്കുന്നത്. യൂറോകപ്പിനിടെ കാണികള്‍ മോശമായി പെരുമാറിയതിനാല്‍ യുവേഫയുടെ ചട്ടമനുസരിച്ച് സ്‌കൂള്‍ കുട്ടികള്‍ക്ക് മാത്രമായിരുന്നു സ്റ്റേഡിയത്തില്‍ പ്രവേശനം. 

ചൊവ്വാഴ്ച ജര്‍മനിക്കെതിരെയാണ് ഇംഗ്ലണ്ടിന്റെ അടുത്ത മത്സരം. അന്നുതന്നെ ഇറ്റലി, ഹംഗറിയേയും നേരിടും. അതേസമയം തുര്‍ക്കി, ഫറവോ ഐലന്‍ഡിനെ എതിരില്ലാത്ത നാല് ഗോളിന് തോല്‍പ്പിച്ചു.