പാരീസ്: പ്രതിസന്ധി ഘട്ടത്തിലൂടെയാണ് ഫ്രഞ്ച് ക്ലബ് പിഎസ്ജി പോയികൊണ്ടിരിക്കുന്നത്. സൂപ്പര്‍താരം നെയ്മറെ വിട്ടുകൊടുക്കുന്നതുമായി ബന്ധപ്പെട്ട ആശയകുഴപ്പം ഇപ്പോഴും അവസാനിച്ചിട്ടില്ല. ബാഴ്‌സലോണയുമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും ഒന്നും അതിന്റെ അവസാനഘട്ടത്തിലെത്തിയിട്ടില്ല. ഇതുവരെ നടന്ന മൂന്ന് മത്സരങ്ങളിലും നെയ്മര്‍ കളിച്ചിട്ടില്ല. ഒരു മത്സരം പരാജയപ്പെടുകയും ചെയ്തു. 

ഇപ്പോഴിതാ പി എസ് ജി ആരാധകരെ നിരാശരാക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. ടീമിലെ പ്രധാനികളായ കിലിയന്‍ എംബാപ്പെ, എഡിസണ്‍ കവാനി എന്നിവര്‍ക്ക് ഒരു മാസത്തോളം കളിക്കാനാവില്ലെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. 

ഫ്രഞ്ച് ലീഗില്‍ ടുളൂസെക്കെതിരായ കഴിഞ്ഞ മത്സരത്തില്‍ താരങ്ങള്‍ക്ക് പരിക്കേറ്റിരുന്നു. ചുരുങ്ങിയത് നാല് മത്സരമെങ്കിലും ഇരുവര്‍ക്കും നഷ്ടമാവുമെന്ന് ക്ലബ് അധികൃതര്‍ അറിയിച്ചു. ഫ്രഞ്ച് ലീഗിന് പുറമെ ചാംപ്യന്‍സ് ലീഗിലും പിഎസ്ജിക്ക് മത്സരമുണ്ട്.