പാരീസ്:  ഫ്രഞ്ച് ഫുട്ബോള്‍ ക്ലബ്ബ് പിഎസ് ജി കോച്ച് തോമഷ് ടുഷേലിനെ പുറത്താക്കി. ലീഗ് വണ്ണിൽ സാൽസ്ബർഗിനെ എതിരില്ലാത്ത നാല് ഗോളിന് തകർത്തതിന് തൊട്ടുപിന്നാലെയാണ് പി എസ് ജി മാനേജ്മെന്‍റിന്‍റെ നടപടി. ലീഗ് വണ്ണിൽ 17 മത്സരങ്ങൾ പിന്നിട്ടപ്പോൾ 35 പോയന്‍റുമായി മൂന്നാം സ്ഥാനത്താണിപ്പോൾ പി എസ് ജി.

2018ലാണ് രണ്ടുവര്‍ഷ കരാറില്‍ ടുഷേൽ പി എസ് ജിയുടെ പരിശീലകനായത്. ലീഗ് വണ്ണിൽ പി എസ് ജിയെ ചാമ്പ്യൻമാരാക്കിയ ടുഷേലിന് കീഴിൽ ടീം ചാമ്പ്യൻസ് ലീഗ് ഫൈനലിലും എത്തിരുന്നു. 2011ല്‍ സീസണിടയില്‍ ആന്‍റണി കോംബുവാറെയെ പുറത്താക്കി കാര്‍ലോസ് ആഞ്ചലോട്ടിയെ കോച്ചാക്കിയശേഷം ഇതാദ്യമായാണ് പിഎസ്‌ജി സിസീണിടക്ക് വെച്ച് പരിശീലകനെ പുറത്താക്കുന്നത്.

ചാമ്പ്യന്‍സ് ലീഗില്‍ പ്രീ ക്വാര്‍ട്ടറിലേക്ക് ഇത്തവണ പിഎസ്‌ജി യോഗ്യത നേടിയിരുന്നു. ബാഴ്സലോണയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും കഴിഞ്ഞ തവണത്തെ സെമി ഫൈനലിസ്റ്റുകളായി ആര്‍ബി ലെയ്പ്സിഗുമാണ് പ്രീക്വാര്‍ട്ടറില്‍ പിഎസ്‌ജിയുടെ എതിരാളികള്‍.

ടുഷേലിന് പകരം ടോട്ടനത്തിന്‍റെ മുൻ കോച്ച് മൗറീഷ്യോ പൊച്ചെറ്റീനോ പി എസ് ജിയുടെ പുതിയ പരിശീലകനാവുമെന്നാണ് റിപ്പോർട്ടുകൾ. പി എസ് ജി മാനേജ്മെന്‍റ് പോച്ചെറ്റീനൊയുമായി പ്രാഥമിക ചർച്ചകൾ നടത്തിക്കഴിഞ്ഞു. 2019ല്‍ ടോട്ടനത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിച്ച പരിശീലകനാണ് പോച്ചെറ്റീനോ.