Asianet News MalayalamAsianet News Malayalam

ചാംപ്യന്‍സ് ലീഗ്: റയലിന് ഞെട്ടിക്കുന്ന തോല്‍വി, യുവന്റസിന് സമനില

യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ റയല്‍ തരിപ്പണമായത്. അതേസമയം യുവന്റസ്- അത്‌ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു.

PSG thrashed Real Madrid in Champions League
Author
Paris, First Published Sep 19, 2019, 8:42 AM IST

പാരീസ്: യുവേഫ ചാംപ്യന്‍സ് ലീഗില്‍ റയല്‍ മാഡ്രിഡിന് ഞെട്ടിക്കുന്ന തോല്‍വി. ഫ്രഞ്ച് ചാംപ്യന്മാരായ പിഎസ്ജിക്കെതിരെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ റയല്‍ തരിപ്പണമായത്. അതേസമയം യുവന്റസ്- അത്‌ലറ്റികോ മാഡ്രിഡ് മത്സരം സമനിലയില്‍ പിരിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി മൂന്ന് ഗോളുകള്‍ക്ക് ഷക്തര്‍ ഡോനെസ്‌കിനെ തോല്‍പ്പിച്ചു. ബയേണ്‍ മ്യൂനിച്ചും ആദ്യജയം നേടി. 

എയ്ഞ്ചല്‍ ഡി മരിയയുടെ ഇരട്ട ഗോളുകളാണ് പിഎസ്ജിക്ക് ജയം നല്‍കിയത്. 14, 33 മിനിറ്റുകളിലായിരുന്നു മരിയയയുടെ ഗോളുകള്‍. ഇഞ്ചുറി ടൈമില്‍ തോമസ് മ്യൂനിയര്‍ റയലിന്റെ പതനം പൂര്‍ത്തിയാക്കി. നെയ്മര്‍, എംബാപ്പേ, കവാനി എന്നിവരില്ലാതെയാണ് ഹോം ഗ്രൗണ്ടില്‍ റയലിന്റെ തകര്‍പ്പന്‍ ജയം. 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഗോള്‍ നേടാതിരുന്ന മത്സരത്തില്‍ യുവന്റസ് 2-2ന് അത്‌ലറ്റികോയുമായി സമനിലയില്‍ പിരിഞ്ഞു. യുവന്റസിന് വേണ്ടി യുവാന്‍ ക്വാര്‍ഡ്രഡോ, ബ്ലെയ്‌സെ മറ്റിയൂദി എന്നിവരാണ് ലക്ഷ്യം കണ്ടത്. അത്‌ലറ്റിക്കോയ്ക്കായി സ്റ്റെഫാന്‍ സാവിക്കും ഹെക്ടര്‍ ഹെരേരയും ഗോളുകള്‍ തിരിച്ചടിച്ചു. രണ്ട് ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന യുവന്റസിനെ ശക്തമായ തിരിച്ചടിയിലൂടെ അത്‌ലറ്റികോ മാഡ്രിഡ് സമനിലയില്‍ കുരുക്കുകയായിരുന്നു. 

ഷക്തറിനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിക്കായി റിയാദ് മഹ്‌റേസ്, ഇല്‍കെ ഗുന്‍ഡോഗന്‍, ഗബ്രിയേല്‍ ജീസസ് എന്നിവരാണ് ഗോളുകള്‍ നേടിയത്. ഗ്രൂപ്പ് ബിയില്‍ ബയേണ്‍ മ്യൂണിക്ക്, റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡ് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്തു. കിങ്സ്ലീ കോമണ്‍, റോബര്‍ട്ട് ലിവാന്‍ഡോവ്‌സ്‌കി, തോമസ് മുള്ളര്‍ എന്നിവരുടേയാതയിരുന്നു ഗോളുകള്‍. 

മറ്റു മത്സരഫലങ്ങള്‍: ഡൈനാമോ സഗ്രേബ് 4- 0 അറ്റ്‌ലാന്റ, ബയേര്‍ 1- 2 ലോകോമോട്ടീവ് മോസ്‌കോ, ഒളിംപിയാകോസ് 2-2 ടോട്ടന്‍ഹാം, ക്ലബ് ബ്രുഗെ 0-0 ഗലത്‌സറെ.

Follow Us:
Download App:
  • android
  • ios