ദില്ലി: ഖത്തര്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കുമെന്ന് ഇന്ത്യന്‍ പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച്. എല്ലാം നന്നായി അണിയിച്ചൊരുക്കിയിരിക്കുന്ന ഖത്തറിലെ മനോഹരമായ സ്റ്റേഡിയങ്ങളില്‍ കളിക്കാന്‍ അവസരം ലഭിച്ചാല്‍ അത് ഏവര്‍ക്കുമുള്ള അംഗീകാരമായിരിക്കുമെന്ന് സ്റ്റിമാച്ച് പറഞ്ഞതായി ഗോള്‍ ഡോട് കോം റിപ്പോര്‍ട്ട് ചെയ്തു. 

നേരത്തെ ഖത്തര്‍ ക്ലബായ അല്‍ ഷഹാനിയയെ 2016-17 സീസണില്‍ പരിശീലിപ്പിച്ച പരിചയമുണ്ട് സ്റ്റിമാച്ചിന്. അന്നത്തെക്കാള്‍ ഒരുപാട് മികച്ചതായി ഖത്തറിലെ സൗകര്യങ്ങള്‍ എന്നാണ് സ്റ്റിമാച്ചിന്‍റെ വിലയിരുത്തല്‍. 'രണ്ട് വര്‍ഷം മുന്‍പ് താനിവിടെയായിരുന്നപ്പോള്‍ ഇങ്ങനെയായിരുന്നില്ല കാഴ്‌ചകള്‍. ഏറെ മാറ്റം വന്നുകഴിഞ്ഞു. ചരിത്രത്തിലെ ഏറ്റവും മികച്ച ലോകകപ്പായിരിക്കും ഖത്തറില്‍ നടക്കുകയെന്നും' സ്റ്റിമാച്ച് പറഞ്ഞു.

ഗള്‍ഫ് മേഖല ആദ്യമായാണ് ഫിഫ ലോകകപ്പിന് വേദിയാവുന്നത്. 2022 നവംബര്‍ 21 മുതല്‍ ഡിസംബര്‍ 18 വരെയാണ് ലോകകപ്പ് നടക്കുക. സാധാരണയായി ലോകകപ്പ് നടക്കാറുന്ന ഫുട്ബോള്‍ ട്രാന്‍സ്‌ഫര്‍ ജാലക മാസങ്ങളായ ജൂണിലും ജൂലൈയിലും അല്ലാതെ നടക്കുന്ന ആദ്യ ലോകകപ്പാണിത്. 50 കി.മി പരിധിക്കുള്ളിലുള്ള എട്ട് സ്റ്റേഡിയങ്ങളിലായാണ് ടൂര്‍ണമെന്‍റ് പൊടിപൊടിക്കുക. റൗണ്ട് റോബിന്‍ സ്റ്റേജില്‍ ഒന്നിലധികം മത്സരങ്ങള്‍ കാണാന്‍ ഇത് കാണികള്‍ക്ക് അവസരമൊരുക്കും.