ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഖത്തര്‍ പരാജയപ്പെട്ടിരുന്നു. ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയര്‍ തോല്‍വി അറിഞ്ഞപ്പോള്‍ സെനഗല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിനെ മുക്കിയത്.

ദോഹ: ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയം രുചിച്ചതോടെ മറക്കാന്‍ ആഗ്രഹിക്കുന്ന മറ്റൊരു റെക്കോര്‍ഡ് കൂടെ ഖത്തറിന്‍റെ പേരിലായി. ഗ്രൂപ്പിലെ ആദ്യ രണ്ട് മത്സരങ്ങള്‍ മാത്രം കഴിയുമ്പോള്‍ ലോകകപ്പില്‍ നിന്ന് പുറത്താകുന്ന ആദ്യ ആതിഥേയ രാജ്യമായാണ് ഖത്തര്‍ മാറിയത്. ഇന്നലെ ഇക്വഡോര്‍, നെതര്‍ലാന്‍ഡ് മത്സരം സമനിലയില്‍ കലാശിച്ചതോടെയാണ് ഖത്തര്‍ ലോകകപ്പില്‍ നിന്ന് പുറത്തായത്.

ലോകകപ്പിലെ ആദ്യ രണ്ട് മത്സരങ്ങളും ഖത്തര്‍ പരാജയപ്പെട്ടിരുന്നു. ഇക്വഡോറിനോട് എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ആതിഥേയര്‍ തോല്‍വി അറിഞ്ഞപ്പോള്‍ സെനഗല്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഖത്തറിനെ മുക്കിയത്. ഗ്രൂപ്പിലെ എല്ലാ ടീമുകളും രണ്ട് മത്സരങ്ങള്‍ വീതം പൂര്‍ത്തിയാക്കിയപ്പോള്‍ ഇക്വഡോറിനും നെതര്‍ലാന്‍ഡ്സിനും നാല് പോയിന്‍റുകള്‍ വീതമായി.

ഡച്ച് നിരയോട് അടുത്ത മത്സരം വിജയിച്ചാലും ഖത്തറിന് ഈ പോയിന്‍റുകള്‍ മറികടക്കാനാവില്ല. ഇതോടെ ആതിഥേയര്‍ പുറത്താകുമെന്ന് ഉറപ്പായി. ഫുട്ബോള്‍ ലോകകപ്പുകളുടെ ചരിത്രത്തില്‍ ഗ്രൂപ്പ് ഘട്ടത്തിലെ ഒന്നിലേറെ മത്സരങ്ങള്‍ തോറ്റ ആദ്യ ആതിഥേയ രാജ്യം എന്ന അപഖ്യാതിയും ഇന്നലത്തെ മത്സരത്തോടെ ഖത്തറിന്‍റെ പേരിലായിരുന്നു. അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഇന്നലെ നടന്ന ഗ്രൂപ്പ് എ മത്സരത്തില്‍ ഖത്തറിന് മേല്‍ കരുത്തുകാട്ടുകയായിരുന്നു സെനഗല്‍.

ആദ്യ മത്സരത്തില്‍ വിറപ്പിച്ച ശേഷം നെതർലന്‍ഡ്‍സിനോട് 2-0ന്‍റെ തോല്‍വി വഴങ്ങിയ സെനഗല്‍ ടീം ഖത്തറിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമാണ് പുറത്തെടുത്തത്. ഖത്തറിനെ തോല്‍പ്പിച്ച് സെനഗല്‍ ലോകകപ്പ് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു സെനഗലിന്‍റെ ജയം. ബൗലായെ ദിയ, ഫമാറ ദിദിയു, ബംബ ഡിയെംഗ് എന്നിവരാണ് സെനഗലിന്‍റെ ഗോളുകള്‍ നേടിയത്. മുഹമ്മദ് മുന്താരിയുടെ വകയായിരുന്നു ഖത്തറിന്‍റെ ആശ്വാസഗോള്‍.

ബ്രസീലിന് പെരുത്ത് സന്തോഷം, അര്‍ജന്‍റീനയ്ക്കും ആഹ്ളാദിക്കാന്‍ വകയുണ്ട്; കിരീടമാര്‍ക്ക്? പ്രവചനം ഇതാ!