മാഡ്രിഡ്: റയല്‍ മാഡ്രിഡ് ഫോര്‍വേര്‍ഡ് മരിയാനോ ഡയസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. ഓഗസ്റ്റ് ഏഴിന് മാഞ്ചസ്റ്റര്‍ സിറ്റിയുമായുള്ള ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായി റയല്‍ പരിശീലനത്തിനിറങ്ങുന്നതിന് തൊട്ടുമുമ്പാണ് മരിയാനോ ഡയസിന് കൊവിഡ് സ്ഥിരീകരിച്ചത്. മരിയാനോയുടെ ആരോഗ്യനില തൃപ്തികരമമാണെന്നും ഹെല്‍ത്ത് പ്രോട്ടോക്കോള്‍ എല്ലാം താരം പാലിക്കുന്നുണ്ടെന്നും ക്ലബ്ബ് വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. മരിയാനോ ഇപ്പോള്‍ വീട്ടില്‍ ഐസൊലേഷനിലാണെന്നും ക്ലബ്ബ് വ്യക്തമാക്കി.

സ്പാനിഷ് ലീഗ് കിരീടം നേടിയശേഷം താരങ്ങള്‍ക്ക് പത്ത് ദിവസത്തെ വിശ്രമം അനുവദിച്ചിരുന്നു. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തിന് മുന്നോടിയായുള്ള പരിശീലനത്തിന് ഇറങ്ങുന്നതിന് മുമ്പ് തിങ്കളാഴ്ചയാണ് റയല്‍ താരങ്ങലെ കൊവിഡ് പരിശോധനക്ക് വിധേയനാക്കിയത്. ഇതിന്റെ ഫലം വന്നപ്പോഴാണ് മരിയാനോയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.  കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന ആരോഗ്യ സുരക്ഷാ പ്രോട്ടോകോള്‍ പാലിച്ചാണ് റയല്‍ താരങ്ങള്‍ പരിശീലനം നടത്തുന്നത്.ഈ സീസസണില്‍ റയലിനായി വളരെ കുറച്ചു മത്സരങ്ങളില്‍ മാത്രമെ മരിയാനോ പ്ലേയിംഗ് ഇലവനില്‍ കളിച്ചുള്ളു. മാര്‍ച്ചില്‍ നടന്ന എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ബാഴ്സലോണക്കെതിരെ റയലിനായി മരിയാനോ ഗോള്‍ നേടിയിരുന്നു. ഈ മാസം രണ്ടിന് ഗെറ്റാഫെക്കെതിരെ ആയിരുന്നു മരിയാനോ അവസാനം റയലിനായി ഗ്രൗണ്ടിലിറങ്ങിയത്. ചാമ്പ്യന്‍സ് ലീഗിലെ ആദ്യപാദത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിയോട് 2-1ന്റെ തോല്‍വി വഴങ്ങിയ റയലിന് രണ്ടാം പാദത്തില്‍ വിജയം അനിവാര്യമാണ്. സ്പാനിഷ് ലീഗില്‍ മൂന്ന് വര്‍ഷത്തെ ഇടവേളക്കുശേഷം റയല്‍ ഇത്തവണ കിരീടം നേടിയിരുന്നു.