മാഡ്രിഡ്: സ്പാനിഷ് ക്ലബ്ബായ റയല്‍ മാഡ്രിഡിന്റെ ബാസ്കറ്റ് ബോള്‍ ടീം അംഗത്തിന് കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ റയലിന്റെ ഫുട്ബോള്‍, ബാസ്കറ്റ ബോള്‍ ടീം അംഗങ്ങളെ ഏകാന്തവാസത്തില്‍ വെക്കാന്‍ ക്ലബ്ബ് തീരുമാനിച്ചു. പരിശീലന ഗ്രൗണ്ട് അടച്ചിടാനും സപ്പോര്‍ട്ട് സ്റ്റാഫ് അടക്കമുള്ളവരെ കര്‍ശന നിരീക്ഷണത്തില്‍ വെക്കാനും ക്ലബ്ബ് തീരുമാനിച്ചിട്ടുണ്ട്. റയലിന്റെ ബാസ്കറ്റ് ബോള്‍ ടീമിലെ അംഗത്തിനാണ് കൊവിഡ് സ്ഥിരീകരിച്ചത്.

കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലാ ലിഗ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് മാറ്റിവെക്കാന്‍ സ്പാനിഷ് ലാ ലിഗ അധികൃതര്‍ തീരുമാനിച്ചതിന് പിന്നാലെയാണ് ടീം അംഗങ്ങളെ ഏകാന്തവാസത്തില്‍ വെക്കാന്‍ റയല്‍ തീരുമാനിച്ചത്. സ്പെയിനിലെ ദേശീയ ബാസ്കറ്റ് ബോള്‍ ലീഗ് മത്സരങ്ങളും കൊവിഡിന്റെ പശ്ചാത്തലത്തില്‍ മാറ്റിവെച്ചിട്ടുണ്ട്.

സ്പാനിഷ് ലാ ലിഗയില്‍ റയല്‍ വെള്ളിയാഴ്ച ഹോം ഗ്രൗണ്ടില്‍ ഐബറിനെ നേരിടേണ്ടതായിരുന്നു. മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ആദ്യം തീരുമാനിച്ചിരുന്നെങ്കിലും കൊവിഡ് ആശങ്ക വര്‍ധിച്ച സാഹചര്യത്തില്‍ മത്സരങ്ങള്‍ രണ്ടാഴ്ചത്തേക്ക് റദ്ദാക്കാന്‍ ലാ ലിഗ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു.