മാഡ്രിഡ്: ലാ ലിഗയില്‍ റയല്‍ മാഡ്രിഡിന് ഒന്നാം സ്ഥാനം നഷ്ടമായി. ഇന്നലെ റയല്‍ ബെറ്റിസിനെതിരെ എവേ മത്സരത്തില്‍ പരാജയപ്പെട്ടതോടെയാണ് റയല്‍ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്. ഇതോടെ ബാഴ്‌സ ഒന്നാം സ്ഥാനമുറപ്പിച്ചു. കഴിഞ്ഞ ആഴ്ച നടന്ന എല്‍ ക്ലാസിക്കോയില്‍ ബാഴ്‌സയെ പരാജയപ്പെടുത്തി റയല്‍ ഒന്നാമതെത്തിയിരുന്നു. എന്നാല്‍ ആ മുന്‍തൂക്കം നിലനിര്‍ത്താന്‍ റയലിനായില്ല.

ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബെറ്റിസിന്റെ അട്ടിമറിജയം. 40ാം മിനിറ്റില്‍ സിഡ്‌നെയിയുടെ ഗോളില്‍ ബെറ്റിസ് മുന്നിലെത്തി. എന്നാല്‍ ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമില്‍ പെനാല്‍റ്റിയിലൂടെ കരിം ബെന്‍സേമ റയലിനെ ഒപ്പമെത്തിച്ചു. പതിവായി പെനാല്‍റ്റി എടുക്കുന്ന നായകന്‍ സെര്‍ജിയോ റാമോസ് ഫ്രഞ്ച് താരത്തിനായി വഴിമാറുകയായിരുന്നു.

82ാം മിനിറ്റില്‍ ക്രിസ്റ്റ്യന്‍ ടെല്ലോയാണ് ബെറ്റിസിന്റെ വിജയഗോള്‍ നേടിയത്. ലീഗില്‍ 58 പോയിന്റുമായി ബാഴ്‌സസലോണ ഒന്നാമതും 56 പോയിന്റുള്ള റയല്‍ മാഡ്രിഡ് രണ്ടാം സ്ഥാനത്തും തുടരും. ഇനി 11 മത്സരങ്ങളാണ് സീസണില്‍ ബാക്കിയുള്ളത്.