മാഡ്രിഡ്: പുതിയ താരങ്ങളെത്തിയിട്ടും ഫോം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ് റയല്‍ മാഡ്രിഡ്. പിന്നാലെ പ്രധാനതാരം മാര്‍കോ അസെന്‍സിയോയുടെ പരിക്കും ക്ലബിനെ അലട്ടുന്നു. കാല്‍മുട്ടിന് പരിക്കേറ്റ താരത്തിന് ആറോ ഏഴോ മാസമെങ്കിലും പുറത്തിരിക്കേണ്ടി വരും. 

ഈ സാഹചര്യത്തില്‍ മറ്റൊരു പദ്ധതി നടപ്പിലാക്കുകയാണ് റയല്‍ മാഡ്രിഡ്. കൊളംബിയന്‍ താരം ഹാമസ് റോഡ്രിഗസിനെ ക്ലബിനൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചു. താരം നാപോളിയിലേക്ക് കൂടൂമാറുമെന്ന് സംസാരമുണ്ടെങ്കിലും റയല്‍ വിട്ടുകൊടുത്തേക്കില്ല. നാപോളിയാവട്ടെ താരത്തിന് പിന്നാലെയുണ്ട്. 

നിലവില്‍ ലോണ്‍ അടിസ്ഥാനത്തില്‍ ബയേണ്‍ മ്യൂനിച്ചിനായി കളിക്കുകയാണ് റോഡ്രിഗസ്. 2014ലാണ് താരം റയലിലെത്തുന്നത്. 77 മത്സരങ്ങളില്‍ 28 ഗോളുകളാണ് അറ്റാക്കിങ് മിഡ്ഫീല്‍ഡറുടെ സമ്പാദ്യം.