മാഡ്രിഡ്: പരീശീലകന്‍ ഹൊസെ മൗറീഞ്ഞോ, റയൽ മാഡ്രിഡിലേക്ക് മടങ്ങാനുള്ള കരുനീക്കം തുടങ്ങിയതായി സൂചന. ഇംഗ്ലണ്ടിലെ സൺ ദിനപത്രമാണ് ഇക്കാര്യം റിപ്പേോര്‍ട്ട്  ചെയ്തത്.  റയൽ വിളിച്ചാൽ സ്പെയിനിലേക്ക് മടങ്ങാന്‍ മൊറീഞ്ഞോ തയ്യാറെന്നും  റിപ്പോര്‍ട്ടിൽ പറയുന്നുണ്ട് .

ചാംപ്യന്‍സ് ലീഗില്‍ പിഎസ്‌ജിയോട് എതിരില്ലാത്ത മൂന്ന് ഗോളിന് തോറ്റതിന് പിന്നാലെ,  റയൽ പരിശീലകന്‍ സിദാന് മേൽ സമ്മര്‍ദ്ദം ശക്തമായ പശ്ചാത്തലത്തിലാണ് പുതിയനീക്കം. സ്പാനിഷ് ലാ ലിഗയിലെ ആദ്യ നാലു മത്സരങ്ങളില്‍ റയല്‍ രണ്ടെണ്ണത്തില്‍ സമനില വഴങ്ങുകയും ചെയ്തിരുന്നു. സിദാന്‍ മുന്‍കൈയെടുത്ത് ചെല്‍സിയില്‍ നിന്ന് മോഹവില കൊടുത്ത് വാങ്ങിയ ഏഡന്‍ ഹസാര്‍ഡിന് ഇതുവരെ റയല്‍ കുപ്പായത്തില്‍ തിളങ്ങാനുമായിട്ടില്ല.

2010 മുതൽ 2013 വരെ റയൽ പരിശീലകനായിരുന്നു മൗറീഞ്ഞോ. 2018 ഡിസംബറില്‍ മാ‍ഞ്ചസ്റ്റര്‍ യുണൈറ്റഡ് പരിശീലകസ്ഥാനം നഷ്ടമായശേഷം,മൗറീഞ്ഞോ ഫുട്ബോളില്‍ നിന്ന് മാറിനിൽക്കുകയാണ്. കരിയറിലെ ഏറ്റവും മികച്ച അനുഭവം റയലില്‍ ആയിരുന്നെന്ന് മൗറീഞ്ഞോ അടുത്തയിടെ അഭിപ്രായപ്പെട്ടിരുന്നു. മൗറീഞ്ഞോ മടങ്ങിയെത്തുന്നതിനോട് റയല്‍ പ്രസിഡന്റ് ഫ്ലോറിന്റിനോ പെരസിനും അനുകൂല നിലപാടാണെന്നാണ് റിപ്പോര്‍ട്ട്.