മാഡ്രിഡ്: ഹാമിഷ് റോഡ്രിഗസിനെ കൈവിടാനുള്ള നീക്കം ഉപേക്ഷിച്ച് റയല്‍ മാഡ്രിഡ്. കൊളംബിയന്‍ ഫോര്‍വേഡിനെ ഈ സീസണിൽ ടീമിനൊപ്പം നിര്‍ത്താന്‍ തീരുമാനിച്ചതായി ക്ലബ് വ്യക്തമാക്കി. സൗഹൃദ മത്സരത്തിൽ അത്‌ലറ്റിക്കോ മാഡ്രിഡിനെതിരെ ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെയാണ് ക്ലബിന്‍റെ മനംമാറ്റം. മാര്‍ക്കോ അസെന്‍സിയോക്ക് പരിക്കേറ്റതും ക്ലബിന്‍റെ തീരുമാനത്തെ സ്വാധീനിച്ചതായാണ് സൂചന.

റോഡ്രിഗസിനെ ഒഴിവാക്കാന്‍ തയ്യാറെന്ന് പരിശീലകന്‍ സിനദിന്‍ സിദാന്‍ ക്ലബ് പ്രസിഡന്‍റ് പെരെസിനെ അറിയിച്ചിരുന്നു. ബയേൺ മ്യൂണിക്ക് ക്ലബിലേക്ക് രണ്ട് വര്‍ഷത്തെ വായ്‌പാടിസ്ഥാനത്തില്‍ പോയിരുന്ന റോഡ്രിഗസ് 787 ദിവസത്തിന് ശേഷം ഇന്നലെ റയല്‍ മൈതാനത്ത് പരിശീലനത്തിൽ പങ്കെടുത്തിരുന്നു. മ്യൂണിക്കില്‍ ഇന്ന് ഇന്ത്യന്‍ സമയം രാത്രി 9.30ന് ടോട്ടനത്തെ റയൽ മാഡ്രിഡ് നേരിടുമ്പോള്‍ റോഡ്രിഗസിനെ സിദാന്‍ കളിപ്പിക്കുമോ എന്ന് വ്യക്തമല്ല. 

അതേസമയം റോഡ്രിഗസിന്‍റെ ഭാവിയെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നും പെരസിനോട് ചോദിക്കാനുമാണ് താരത്തിന്‍റെ ഏജന്‍റ് ജോര്‍ജി മെന്‍ഡിസിന്‍റെ മറുപടി. മൊണാക്കോയില്‍ നിന്ന് 2014ല്‍ റയലിലെത്തിയ റോഡ്രിഗസ് 111 മത്സരങ്ങളില്‍ 36 ഗോളുകള്‍ നേടി. റയലിനൊപ്പം രണ്ട് ചാമ്പ്യന്‍സ് ലീഗും ഒരു ലാലിഗയും രണ്ട് ക്ലബ് ലോകകപ്പും നേടി. താരത്തെ സ്വന്തമാക്കാന്‍ അത്‌ലറ്റിക്കോ മാഡ്രിഡും നാപ്പോളിയും ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.