മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ സൂപ്പര്‍ ക്ലബ്ബ് റയൽ മാഡ്രിഡിന് അഞ്ചാം ജയം. ചെല്‍സിയില്‍ നിന്ന് ഈ സീസണില്‍ മാഡ്രിഡിലെത്തിയ എദൻ ഹസാർഡ് സ്പെയിനില്‍ ആദ്യ ഗോൾ നേടിയ മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ ഗ്രനാഡയെ മറികടന്നത്.  രണ്ടാം മിനിറ്റിൽ തന്നെ  ഫ്രഞ്ച് താരം കരീം ബെൻസേമയാണ് സ്കോറിംഗിന് തുടക്കമിട്ടത്.

ഗാരത് ബെയ്‍ല്‍ അവിശ്വസനീയമായ ആംഗിളില്‍ നിന്ന് നല്‍കിയ ത്രൂ ബോള്‍ ബെന്‍സേമ ലക്ഷ്യത്തില്‍ എത്തിക്കുകയായിരുന്നു. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു ഹസാർഡിന്റെ ഗോൾ.

രണ്ടാം പകുതി തുടങ്ങി 61-ാം മിനിറ്റിലാണ് ലൂക്ക മോഡ്രിച്ച് വണ്ടര്‍ ഗോള്‍ സ്വന്തമാക്കിയത്. ഹസാര്‍ഡ് ഒരുക്കി നല്‍കിയ പന്തില്‍ 30 വാര അകലെ നിന്ന് മോഡ്രിച്ച് തൊടുത്ത ഷോട്ട് ഗോള്‍ പോസ്റ്റിന്‍റെ ഇടത് മൂലയെ വിറപ്പിച്ചു.

എന്നാല്‍, ബാഴ്സയെ തോല്‍പ്പിച്ച് ആ സീസണില്‍ മിന്നുന്ന ഫോമിലുള്ള ഗ്രനാഡ തോല്‍വി സമ്മതിക്കാന്‍ തയാറല്ലായിരുന്നു. മൂന്ന് ഗോള്‍ നേടിയതിന്‍റെ ആത്മവിശ്വാസം മൂലം അലസരായ റയലിനെ ഗ്രനാഡ ഞെട്ടിച്ചു. ഗോള്‍കീപ്പര്‍ അരിയോളയുടെ പിഴവില്‍ നിന്ന് 69-ാം മിനിറ്റില്‍ ഡാർവിൻ മാച്ചിസ് സന്ദര്‍ശക ടീമിനായി ആദ്യ ഗോള്‍ നേടി.

ഇതിന്‍റെ ആഘാതത്തില്‍ നിന്ന് മുക്തരാകും മുമ്പ് കോര്‍ണറില്‍ കൃത്യമായ ഗെയിം പ്ലാന്‍ നടപ്പാക്കിയ ഗ്രനാഡ ഡൊമിൻഗോസ് ഡുറാട്ടേയിലൂടെ കളിയിലേക്ക് തിരികെയെത്തി. എന്നാല്‍, സമനില ഗോളിനായുള്ള ഗ്രനാഡയുടെ ആക്രമണങ്ങള്‍ക്കിടെ കൗണ്ടര്‍ അറ്റാക്ക് നടത്തിയ റയല്‍ ഹാമിഷ് റോഡിഗ്രസിലൂടെ നാലാം ഗോളും പേരിലെഴുതി. വിജയത്തോടെ 18 പോയിന്‍റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് റയൽ മാഡ്രിഡ്. 

14 പോയിന്‍റുമായി ഗ്രനാഡയാണ് രണ്ടാം സ്ഥാനത്ത്. നിലവിലെ ചാമ്പ്യന്മാരായ ബാഴ്സലോണ ഇന്ന് സെവിയയെ നേരിടും. 13 പോയിന്‍റുമായി ലീഗിൽ നാലാം സ്ഥാനത്താണ് ബാഴ്സലോണ. മെസി പരുക്ക് മാറി തിരിച്ചെത്തിയ ആത്മവിശ്വാസവുമായാണ് ബാഴ്സലോണ ഹോംഗ്രൗണ്ടിൽ സെവിയയെ നേരിടാൻ ഇറങ്ങുന്നത്.

അതേസമയം, ജർമ്മൻ ലീഗ് ഫുട്ബോളിൽ കരുത്തരായ ബയേൺ മ്യൂണിക്ക് സീസണില്‍ ആദ്യമായി തോൽവിയറിഞ്ഞു. ഹോഫെൻഹൈം ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണിനെ വീഴ്ത്തിയത്. സാർഗിസ് അഡമ്യാന്‍റെ ഇരട്ട ഗോളിലൂടെയാണ് ഹോഫെൻഹൈമിന്‍റെ വിജയം. 54,79 മിനിറ്റുകളിലായിരുന്നു ഗോളുകൾ. 73-ാം മിനിറ്റിൽ റോബർട്ട് ലെവൻഡോവ്സ്കിയാണ് ബയേണിന്‍റെ ഏക ഗോള്‍ സ്വന്തമാക്കിയത്. തോറ്റെങ്കിലും 14 പോയിന്റുമായി ലീഗിൽ ഒന്നാംസ്ഥാനത്ത് തുടരുകയാണ് ബയേൺ.