മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളില്‍ റയൽ മാഡ്രിഡിന് ജയത്തുടക്കം. സീസണിലെ ആദ്യ മത്സരത്തിൽ, സെൽറ്റ വിഗോയെ ഒന്നിനെതിരെ 3 ഗോളിനാണ് റയൽ തോൽപ്പിച്ചത്. 12ാം മിനിറ്റില്‍ കരിം ബെന്‍സെമ റയലിന് ലീഡ് നൽകി. രണ്ടാം പകുതിയിലെ 2 ഗോളുമായി റയൽ ജയമുറപ്പിച്ചു.

61ാം മിനിറ്റിൽ ടോണി ക്രൂസും 80ാം മിനിറ്റില്‍ ലൂക്കാസ് വാസ്ക്വെസുമാണ് ഗോളുകള്‍ നേടിയത്. ഇഞ്ച്വറിടൈമിലാണ് സെൽറ്റ ആശ്വാസഗോള്‍ നേടിയത്. ജയിച്ചെങ്കിലും ലൂക്കാ മോഡ്രിച്ചിന് ചുവപ്പുകാര്‍ഡ് കിട്ടിയത് റയലിന് തിരിച്ചടിയായി.

പരിശീലകന്‍ സിദാനുമായി ഭിന്നതയിലുള്ള ഗരത് ബെയ്ൽ ആദ്യ ഇലവനിലെത്തിയത് ശ്രദ്ധേയമായി. ശനിയാഴ്ച റയൽ വയ്യാഡിഡിനെതിരെയാണ് റയലിന്‍റെ അടുത്ത മത്സരം. കഴിഞ്ഞ സീസണുകളില്‍ ലാലിഗ കിരീടം കൈവിട്ട റയല്‍ ഇക്കുറി വീണ്ടും പരിശീലകനായെത്തിയ സിദാന്‍റെ മാജിക്കിലൂടെ പ്രതാപം തിരിച്ചുപിടിക്കുമെന്നാണ് ആരാധകരുടെ വിശ്വാസം.