പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെയാണ് കളിക്കുന്നത്

മാഞ്ചസ്റ്റര്‍: സമ്മർ ട്രാൻസ്‌ഫർ ജാലകത്തിൽ പുതിയ താരങ്ങളെ സ്വന്തമാക്കിയതിനാൽ മാ‌ഞ്ചസ്റ്റർ സിറ്റിയുടെ(Man City) ശൈലിയിൽ മാറ്റം വരുത്തേണ്ടിവരുമെന്ന് മധ്യനിരതാരം റോഡ്രി(Rodri). പുതിയ ഗെയിംപ്ലാനുമായി ഇണങ്ങിച്ചേരാൻ താരങ്ങൾക്ക് കഴിയുമെന്നും റോഡ്രി പറഞ്ഞു.

പ്രീമിയർ ലീഗ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി സെർജിയോ അഗ്യൂറോ ടീം വിട്ടതിന് ശേഷം സ്പെഷ്യലിസ്റ്റ് സ്ട്രൈക്കർ ഇല്ലാതെയാണ് കളിക്കുന്നത്. വിംഗർമാരെയും മിഡ്‌ഫീൽഡർമാരെയും ആശ്രയിച്ചായിരുന്നു സിറ്റിയുടെ മുന്നേറ്റം. പുതിയ സീസണിന് ഇറങ്ങും മുൻപ് രണ്ട് ഗോളടിവീരൻമാരെ സിറ്റി സ്വന്തമാക്കിക്കഴിഞ്ഞു. ബൊറൂസ്യ ഡോർട്ട്മുണ്ടിന്‍റെ എർലിംഗ് ഹാലൻഡിനെയും അർജന്‍റൈൻ സ്ട്രൈക്കർ ജൂലിയൻ അൽവാരസിനേയും. ഇതോടൊപ്പം സ്റ്റെഫാൻ ഒർട്ടേഗ, കാൽവിൻ ഫിലിപ്സ് എന്നിവരെയും സിറ്റി ഇത്തിഹാദിൽ എത്തിച്ചുകഴിഞ്ഞു. 

ഹാലൻഡും അൽവാരസും ടീമിലേക്ക് എത്തുമ്പോൾ ഇതുവരെ പിന്തുടർ‍ന്ന ഫാൾസ് നയൻ ശൈലി മാറേണ്ടിവരുമെന്നാണ് റോഡ്രി പറയുന്നത്. മുന്നേറ്റനിരയിൽ പുതിയ താരങ്ങളെത്തുമ്പോൾ ടീമിന്‍റെ ശൈലിയിൽ മാറ്റം വരുമെന്ന് ഉറപ്പാണ്. കോച്ച് പെപ് ഗാർഡിയോള ഇതുവരെ ടീമിനെ മനോഹരമായി മുന്നോട്ടുകൊണ്ടുപോയി. ഇനിയും ഈ മികവ് തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ. മാറ്റങ്ങൾ എങ്ങനെയായിരിക്കുമെന്ന് കോച്ചാണ് തീരുമാനിക്കുകയെന്നും റോഡ്രി പറഞ്ഞു. 

ഹാലൻഡിനെയും അൽവാരസിനെയും സിറ്റി സ്വന്തമാക്കിയപ്പോൾ റഹിം സ്റ്റെർലിംഗും ഗബ്രിയേൽ ജെസ്യൂസും ടീം വിട്ടുപോയി. സ്റ്റെർലിംഗിനെ ചെൽസിയും ജെസ്യൂസിനെ ആഴ്സണലുമാണ് സ്വന്തമാക്കിയത്. പ്രീ സീസൺ മത്സരത്തിൽ സിറ്റി ഞായറാഴ്ച ബയേൺ മ്യൂണിക്കിനെ നേരിടും. ഇതിന് ശേഷം ഈമാസം ഇരുപതിന് കമ്മ്യൂണിറ്റി ഷീൽഡിൽ ലിവർ‍പൂളുമായി ഏറ്റുമുട്ടും. പ്രീമിയർ ലിഗിൽ ഓഗസ്റ്റ് ഏഴിന് വെസ്റ്റ് ഹാമിന് എതിരെയാണ് സിറ്റിയുടെ ആദ്യ മത്സരം.

El Clasico : റയലിന്‍റെ കിളി പാറിച്ച് റഫീഞ്ഞയുടെ മിന്നല്‍; എല്‍ ക്ലാസിക്കോ ബാഴ്‌സലോണയ്‌ക്ക്- വീഡിയോ