അസുൻസ്യോ: വ്യാജ പാസ്പോർട്ട് കൈവശം വെച്ചതിന് പരാഗ്വേയില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന ബ്രസീല്‍ ഫുട്ബോള്‍  ഇതിഹാസം റൊണാള്‍ഡീഞ്ഞോ ജയിലിലും പന്തു തട്ടാനൊരുങ്ങുന്നു. തടവുകാര്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഫുട്‌സാല്‍ ടൂര്‍ണമെന്റിലാണ് റൊണാള്‍ഡീഞ്ഞോ കളിക്കാനിറങ്ങുക. കളിക്കാന്‍ ഇറങ്ങുമെങ്കിലും റൊണാള്‍ഡീഞ്ഞോയെ ഗോളടിക്കാന്‍ അനുവദിക്കില്ല.

റൊണാള്‍ഡോഞ്ഞീയോടെ മികവിനൊപ്പമെത്താന്‍ തടവുകാര്‍ക്ക് കഴിയില്ല എന്നതിനാല്‍ തുല്യമായ പോരാട്ടം ഉറപ്പുവരുത്താനാണ് റൊണാള്‍ഡീഞ്ഞോയെ ഗോളടിക്കാന്‍ അനുവദിക്കാത്തത്. അഞ്ച് പേരടങ്ങുന്നതാണ് ഫുട്സാലിലെ ഒരു ടീം. എല്ലാ ആറ് മാസവും കൂടുമ്പോള്‍ നടത്താറുള്ള മത്സരങ്ങള്‍ ഇത്തവണ വിശിഷ്ട അതിഥിയുടെ സാന്നിധ്യത്തില്‍ നേരത്തെ നടത്താന്‍ ജയില്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. അസുൻസ്യോനിലെ സ്പെഷ‌ലൈസ്ഡ് പൊലീസ് ഗ്രൂപ്പിന്റെ ആസ്ഥാനത്ത് 194 തടവുകാര്‍ക്കൊപ്പമാണ് റൊണാള്‍ഡീഞ്ഞോയെ പാര്‍പ്പിച്ചിട്ടുള്ളത്.

വ്യാജ പാസ്പോർട്ടുമായി പാരഗ്വായിൽ പ്രവേശിച്ചതിനാണ് വ്യാഴാഴ്ച റൊണാൾഡീഞ്ഞോ അറസ്റ്റിലായത്. താരത്തിനൊപ്പം ബിസിനസ് മാനേജർ കൂടിയായ സഹോദരൻ റോബർട്ടോ, ബ്രസീലില്‍നിന്നുള്ള വ്യവസായി എന്നിവരും അറസ്റ്റിലായിരുന്നു. ഒരു ചാരിറ്റി പരിപാടിയുമായി ബന്ധപ്പെട്ട് ബുധനാഴ്ചയാണ് റൊണാൾഡീഞ്ഞോ പാരഗ്വായിലെത്തിയത്. തലസ്ഥാന നഗരമായ അസുൻസിയോണിലെ ഒരു പ്രമുഖ ഹോട്ടലിൽ താമസ സ്ഥലത്തെത്തിയാണ് പാരഗ്വായ് പൊലീസ് താരത്തെ അറസ്റ്റ് ചെയ്തത്. യാത്രാരേഖകളും പിടിച്ചെടുത്തു.

റൊണാള്‍ഡീഞ്ഞോയെയും സഹോദരനെയും ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നെങ്കിലും കോടതി ജാമ്യം നിഷേധിച്ചു. കൈവിലങ്ങുവച്ചാണ് റൊണാൾഡീഞ്ഞോയെയും സഹോദരനെയും കോടതിയിൽ ഹാജരാക്കിയത്. ഇരുവരെയും കരുതൽ തടങ്കലിൽ തന്നെ വയ്ക്കാൻ നിർദ്ദേശിച്ച ജഡ്ജി ക്ലാര റൂയിസ് ഡയസ്, രാജ്യത്തിന്റെ സുരക്ഷയ്ക്കു ഭീഷണിയാകുന്ന കുറ്റം ചെയ്തതിനാലാണു ജാമ്യം അനുവദിക്കാത്തതെന്നും വ്യക്തമാക്കിയിരുന്നു. എന്നാൽ വ്യാജ പാസ്പോർട്ടായിരുന്നുവെന്ന വിവരം അറിയില്ലായിരുന്നുവെന്നും ചതിക്കപ്പെട്ടതാണെന്നുമാണ് റൊണാൾഡീഞ്ഞോയുടെയും സഹോദരന്റെയും വാദം. ഇരുവർക്കും ജയിലിൽ സമ്പൂർണ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.