റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയെങ്കിലും പ്രീ സീസണ്‍ മത്സരങ്ങള്‍ തുടരുമ്പോഴും സൂപ്പര്‍താരം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അതിനാല്‍ ബാക്ക് അപ്പ് സ്‌ട്രൈക്കറായി ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താനാണ് ആലോചന.

മാഞ്ചസ്റ്റര്‍: ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (Cristiano Ronaldo) മാഞ്ചസ്റ്റര്‍ യുണൈറ്റഡ് (Manchester United) വിടുമെന്ന അനിശ്ചിതത്വത്തിനിടെ ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താന്‍ ആലോചന. ബെഞ്ചമിന്‍ പവാദിനെ ടീമിലെത്തിക്കാനും യുണൈറ്റഡ് ചര്‍ച്ചകള്‍ തുടങ്ങി. ചാംപ്യന്‍സ് ലീഗ് ടീമിനായുള്ള സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ (Cristiano Ronaldo) ശ്രമം തുടരുകയാണ്. അത്‌ലറ്റിക്കോ മാഡ്രിഡാണ് ഏറ്റവും ഒടുവില്‍ ചര്‍ച്ചയിലുള്ളത്.

റൊണാള്‍ഡോയെ വില്‍ക്കില്ലെന്ന് പുതിയ പരിശീലകന്‍ എറിക് ടെന്‍ഹാഗ് വ്യക്തമാക്കിയെങ്കിലും പ്രീ സീസണ്‍ മത്സരങ്ങള്‍ തുടരുമ്പോഴും സൂപ്പര്‍താരം ടീമിനൊപ്പം ചേര്‍ന്നിട്ടില്ല. അതിനാല്‍ ബാക്ക് അപ്പ് സ്‌ട്രൈക്കറായി ആന്റണി മാര്‍ഷ്യലിനെ ടീമില്‍ നിലനിര്‍ത്താനാണ് ആലോചന. കഴിഞ്ഞ സീസണില്‍ സെവിയ്യയ്ക്കായി ലോണ്‍ അടിസ്ഥാനത്തിലാണ് മാര്‍ഷ്യല്‍ കളിച്ചത്.

പ്രീസീസണ്‍ മത്സരങ്ങളില്‍ മാര്‍ഷ്യലിന്റെ മികച്ച പ്രകടനവും എറിക് ടെന്‍ഹാഗിന് പ്രതീക്ഷ നല്‍കുന്നു. മൂന്ന് കളിയിലും മാര്‍ഷ്യല്‍ ഗോള്‍ നേടി. ക്യാപ്റ്റന്‍ ഹാരി മഗ്വെയറിന്റെ പ്രതിരോധത്തിലെ പിഴവുകള്‍ വിമര്‍ശിക്കപ്പെടുമ്പോള്‍ മറ്റൊരു ഡിഫന്‍ഡര്‍ക്കായുള്ള ശ്രമവും യുണൈറ്റഡ് തുടരുകയാണ്.

ബയേണ്‍ മ്യൂണിക്കിന്റെ ബെഞ്ചമിന്‍ പവാദിനായി പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിയെന്നാണ് റിപ്പോര്‍ട്ട്. ചെല്‍സിയും ഫ്രഞ്ച്താരത്തിന് പിന്നാലെയുണ്ട്. അയാക്‌സ് വിംഗര്‍ ആന്റണിക്കായുള്ള ശ്രമവും യുണൈറ്റഡ് തുടരുകയാണ്.

കൗണ്ടെ ചെല്‍സിയില്‍

അതേസമയം, സെവിയ്യ താരം യൂള്‍സ് കൗണ്ടെയെ സ്വന്തമാക്കാന്‍ ചെല്‍സി. 50 മില്യണ്‍ യൂറോയ്ക്കായിരിക്കും കരാര്‍. 23കാരനായ പ്രതിരോധ താരത്തിനായി ബാഴ്‌സലോണയും രംഗത്തുണ്ടായിരുന്നു. എന്നാല്‍ ചെല്‍സിയുടെ പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പരിക്കേറ്റ് വിശ്രമത്തിലുള്ള സെവിയ്യയുടെ പ്രീ സീസണ്‍ കൗണ്ടെ സ്‌ക്വാഡിലുണ്ടായിരുന്നില്ല. ഈ സമ്മറില്‍ ചെല്‍സി ടീമിലെത്തിക്കുന്ന രണ്ടാമത്തെ പ്രതിരോധ താരമാണ് യൂള്‍സ് കൗണ്ടെ. 

നേരത്തെ നാപോളിയില്‍ നിന്ന് കാലിഡു കൗലിബാലിയെ ചെല്‍സി ടീമിലെത്തിച്ചിരുന്നു. ചെല്‍സി നായകന്‍ സെസാര്‍ അസ്പിലിക്യൂറ്റ, മാര്‍കോസ് അലോണ്‍സോ എന്നിവരെ ചെല്‍സിയില്‍ നിന്ന് സ്വന്തമാക്കാന്‍ ബാഴ്‌സലോണയും ശ്രമം തുടങ്ങി.