പോര്‍ട്ടോ: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ഓഫ് ദ് ഇയര്‍ ആയി തെരഞ്ഞെടുത്തു. പത്താം തവണയാണ് റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഫുട്ബോളര്‍ക്കുള്ള പുരസ്കാരം സ്വന്തമാക്കുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയുടെ പ്ലേ മേക്കറായ ബെര്‍ണാഡോ സില്‍വ, അത്‌ലറ്റിക്കോ മാഡ്രിഡിന്റെ ജോവോ ഫെലിക്സ് എന്നിവരെ മറികടന്നാണ് റൊണാള്‍ഡോ പുരസ്കാരം സ്വന്തമാക്കിയത്.

യുവന്റസിന് സീരി എ കിരീടവും പോര്‍ച്ചുഗലിന് നേഷന്‍സ് കപ്പും നേടിക്കൊടുത്തതാണ് റൊണാള്‍ഡോക്ക് നേട്ടമായത്. യുവന്റസിനായി അരങ്ങേറ്റ സീസണില്‍ 28 ഗോളടിച്ച റൊണാള്‍ഡോ പത്ത് അസിസ്റ്റുകള്‍ നടത്തി.2007ലാണ് റൊണാള്‍ഡോ ആദ്യമായി പോര്‍ച്ചുഗീസ് ഫുട്ബോളറായി തെരഞ്ഞെടുക്കപ്പെടുന്നത്.

കഴിഞ്ഞ 12 വര്‍ഷത്തിനിടെ രണ്ടു തവണ മാത്രമാണ് റൊണാള്‍ഡോയ്ക്ക് പുരസ്കാരം ലഭിക്കാതിരുന്നത്.  2010ല്‍ സിമാവോയും 2014ല്‍ പെപ്പെയും പുരസ്കാരം സ്വന്തമാക്കി. തുടര്‍ച്ചയായ അഞ്ചാം വര്‍ഷമാണ് റൊണാള്‍ഡോ പോര്‍ച്ചുഗീസ് ഫുട്ബോളര്‍ ആയി തെരഞ്ഞെടുക്കപ്പെടുന്നത്. ഫിഫ ഫുട്ബോളര്‍ക്കുള്ള അന്തിമ പട്ടികയിലും റൊണാള്‍ഡോയുണ്ട്.