മിലാന്‍: ഫിഫയുടെ മികച്ച കളിക്കാരനുള്ള പുരസ്കാരം കൈവിട്ടതിന് പിന്നാലെ താത്വികനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. പുരസ്കാരച്ചടങ്ങില്‍ റൊണാള്‍ഡോ പങ്കെടുത്തിരുന്നില്ല. ഇതിന് പിന്നാലെയാണ് റൊണാള്‍ഡോ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ തത്വചിന്താപരമായ പോസ്റ്റ് ഇട്ടത്.

ക്ഷമയും വാശിയുമാണ് ഒരു പ്രഫഷണലിനെയും അമേച്വര്‍ കളിക്കാരനെയും വ്യത്യസ്തനാക്കുന്നത്. ഇന്ന് വലുതായതെല്ലാം ചെറുതായി തുടങ്ങിയതാണ്. എല്ലാം ചെയ്യാന്‍ നിങ്ങള്‍ക്കാവില്ല. പക്ഷെ നിങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്നതെല്ലാം നിങ്ങള്‍ ചെയ്യണം. എന്നാല്‍ മാത്രമെ സ്വപ്നം സഫലമാവു. ഒരുകാര്യം പ്രത്യേകം ഓര്‍മിക്കണം, ഒരു രാത്രിക്ക് ഒരു പകലുണ്ട്-റൊണാള്‍ഡോ കുറിച്ചു.

അതേസമയം, മികച്ച കളിക്കാരനുള്ള പുരസ്കാരം ലഭിച്ചില്ലെങ്കിലും റൊണാള്‍ഡോ തന്നെയാണ് എക്കാലത്തെയും മികച്ച കളിക്കാരനെന്ന് പോര്‍ച്ചുഗല്‍ വ്യക്തമാക്കി. ദ് ബെസ്റ്റ് എവര്‍ എന്ന ട്വീറ്റിലൂടെയാണ് ഇതിഹാസ താരത്തിനുള്ള പിന്തുണ രാജ്യം വ്യക്തമാക്കിയത്. ഫിഫയുടെ മികച്ച കളിക്കാരനുള്ള വോട്ടെടുപ്പില്‍ ലിയോണല്‍ മെസ്സിക്കും വിര്‍ജിന്‍ വൈന്‍ഡൈക്കിനും പിന്നില്‍ മൂന്നാമനായിരുന്നു റൊണാള്‍ഡോ.