ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിലേക്കാണെന്ന് തരത്തിലുള്ള ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച എൽമ അവെയ്റോ ഈ വർഷം നന്നായി അവസാനിപ്പിക്കാൻ ഒരു തമാശ എന്നാണ് കുറിച്ചത്

ലിസ്ബൺ: മാഞ്ചസ്റ്റർ യുണൈറ്റ‍ഡുമായി പിരിഞ്ഞ പോർച്ചു​ഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബ്ബിൽ ചേരുമെന്നുള്ള അഭ്യൂഹങ്ങൾ പരക്കുന്നതിനിടെ ചർച്ചയായി താരത്തിന്റെ സഹോദരിയുടെ ഇൻസ്റ്റ​ഗ്രാം പോസ്റ്റ്. ക്രിസ്റ്റ്യാനോ സൗദി ക്ലബ്ബിലേക്കാണെന്ന് തരത്തിലുള്ള ഒരു വാർത്തയുടെ സ്ക്രീൻഷോട്ട് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവെച്ച എൽമ അവെയ്റോ ഈ വർഷം നന്നായി അവസാനിപ്പിക്കാൻ ഒരു തമാശ എന്നാണ് കുറിച്ചത്. റൊണാൾഡോയുടെ സഹോദരിമാർക്ക് അറബ് രാജ്യത്ത് എന്ത് പ്രതീക്ഷിക്കാം എന്നാണ് ആർട്ടിക്കിൾ പറയുന്നത്.

സൗദി അറേബ്യയിലെ നിയമങ്ങളെ കുറിച്ചെല്ലാം വിശദീകരിക്കുന്ന ആർട്ടിക്കിളിനെ കുറിച്ചായിരുന്നു എൽമയുടെ പ്രതികരണം. എന്നാൽ, സൗദി ക്ലബ്ബ് അൽ നാസ്സറിലേക്കാണ് ക്രിസ്റ്റ്യാനോയെന്നാണ് പല അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. സൗദി അറേബ്യയിലേക്കുള്ള ഒരു നീക്കം, പ്രത്യേകിച്ച് ദീർഘകാല കരാർ കൂടിയാകുമ്പോൾ യുവേഫ ചാമ്പ്യൻസ് ലീഗിൽ കളിക്കാനുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ അവസാനിക്കും എന്നതാണ് ആരാധകരെ നിരാശയിലാഴ്ത്തുന്നത്.

സൗദി അറേബ്യന്‍ ക്ലബ്ബ് അല്‍ നാസറില്‍ ചേരാന്‍ ധാരണയായതുള്ള വാര്‍ത്തകള്‍ സത്യമല്ലെന്ന് ലോകകപ്പിനിടെ റൊണാൾഡോ പറഞ്ഞിരുന്നു. സ്വിറ്റ്സര്‍ലന്‍ഡിനെതിരെയുള്ള ലോകകപ്പ് പ്രീ ക്വാര്‍ട്ടര്‍ മത്സരത്തിന് ശേഷമാണ് സൗദി ക്ലബ്ബുമായി ധാരണയിൽ എത്തിയിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചത്. ഇപ്പോൾ ലോകകപ്പിൽ നിന്ന് പോർച്ചു​ഗൽ പുറത്തായതിന് ശേഷവും ക്രിസ്റ്റ്യാനോ റൊണാൾഡോ ഏത് ക്ലബ്ബിലേക്കാണെന്ന കാര്യത്തിൽ വ്യക്തമായ വിവരങ്ങൾ ഒന്നും പുറത്ത് വന്നിട്ടില്ല.

ഇതിനിടെ ഏഴ് വർഷത്തെ കരാർ അൽ നാസറുമായി റൊണാൾഡോ ഒപ്പിടുമെന്നാണ് റിപ്പോർട്ടുകൾ വന്നത്. രണ്ടര വർഷം കളിക്കാരൻ എന്ന നിലയിലും ഇതിന് ശേഷം രാജ്യത്തിന്റെ അംബാസിഡർ എന്ന നിലയിലുള്ള ദീർഘകാല കരാറാണ് ഒപ്പിടുന്നതെന്നാണ് പല മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഫ്രീ ഏജന്റായ റൊണാൾഡോയ്ക്ക് ചാമ്പ്യൻസ് ലീ​ഗിൽ കളിക്കുന്ന ക്ലബ്ബുകളിലേക്ക് മാറാനുള്ള താത്പര്യമാണുള്ളത്. അത് സാധിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരും. 

'വേറെ എവിടെയെങ്കിലും പോയി കരയൂ'; എമിക്കെതിരെ 'വടിയെടുത്ത' മുൻ ഫ്രാൻസ് താരത്തിന് മരിയയുടെ ചുട്ടമറുപടി