കൊച്ചി: ഷില്ലോങ് ടീം മുൻ  ക്യാപ്റ്റനും ഐ-ലീഗ് താരവുമായ സാമുവൽ ലാൽമുവാൻപുയയയെ സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ്. ഐ-ലീഗിലെ ഏറ്റവും മികച്ച പ്രകടനക്കാരിൽ ഒരാളാണ് ആക്രമണകാരിയായ ഈ മിഡ് ഫീൽഡർ. 2017-18 ഐ-ലീഗ് സീസണില്‍   ഐ ലീഗിലെ അണ്ടർ 22 പ്ലെയർ ഓഫ് സീസൺ ആയിരുന്നു മിസോറോം സ്വദേശിയായ 21കാരനായ സാമുവല്‍.

2015ൽ ഷില്ലോംഗ് പ്രീമിയർ ലീഗിൽ ഷില്ലോങ് ലാജോങ് ക്ലബ്ബിന്റെ യൂത്ത് ടീമില്‍ കളിച്ച സാമുവല്‍ അവിടെ മികച്ച നേട്ടത്തോടെ ടോപ് സ്കോററായി. 2016ൽ പ്രൊഫഷണൽ അരങ്ങേറ്റം കുറിച്ച സാമുവൽ മിനർവ പഞ്ചാബ് എഫ്‌സിക്ക് വേണ്ടിയും കളിച്ചിട്ടുണ്ട്.

ഷില്ലോങ് ലാജോങിനായി 65 മത്സരങ്ങളിൽ നിന്ന് 13 ഗോളുകൾ നേടിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിന്റെ ആരാധകരാണ് പിന്തുണയുടെ  ടീമിന്റെ ഊര്‍ജ്ജമെന്നും ഈ സീസണിലും അവർ ടീമിനെ ആവേശലത്തിലെത്തിക്കുമെന്ന്  പ്രതീക്ഷിക്കുന്നുവെന്നും  സാമുവൽ പറഞ്ഞു.

ഐ ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരിൽ ഒരാളായ സാമുവല്‍  സാങ്കേതികമായി വളരെ മികച്ച കളിക്കാരനാണെന്ന്  കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സി അസിസ്റ്റന്റ് കോച്ച് ഇഷ്ഫാക്ക് അഹമ്മദ് പറഞ്ഞു. ഷില്ലോംഗ് ലജോങ്ങുമായുള്ള കാലഘട്ടം സാമുവലിനെ പരിചയസമ്പന്നനായ ഫുട്ബോളറാക്കിയെന്നും ഇഷ്ഫാഖ് പറഞ്ഞു.