ദില്ലി: പരിക്ക് ഭേദമായി സന്ദേശ് ജിംഗാന്‍ ദേശീയ ഫുട്ബോള്‍ ടീമിലേക്ക് തിരിച്ചെത്തുന്നു. ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഖത്തറിനെതിരായ മത്സരത്തിനുള്ള ഇന്ത്യന്‍ സാധ്യതാ ടീമിൽ പ്രതിരോധതാരം ജിംഗാനെയും കോച്ച് ഇഗോര്‍ സ്റ്റിമാച്ച് ഉള്‍പ്പെടുത്തി. അടുത്ത മാസം 26ന് ഒഡീഷയിലാണ് മത്സരം.

കേരള ബ്ലാസ്റ്റേഴ്‌സ് നായകന്‍ ആയിരുന്ന ജിംഗാന് പരിക്ക് കാരണം ഐഎസ്എൽ സീസണ്‍ നഷ്‌ടമായിരുന്നു. അടുത്ത മാസം ഒന്‍പതിന് തുടങ്ങുന്ന ക്യാംപിലേക്ക് പരിക്ക് ഭേദമായ ജേജെയെയും ക്ഷണിച്ചിട്ടുണ്ട്. അണ്ടര്‍ 17 ലോകകപ്പില്‍ ഗോള്‍ നേടി ശ്രദ്ധേയനായ ജീയാക്‌സൺ സിംഗ്, അമര്‍ജിത് സിംഗ്, മലയാളി താരം സഹല്‍ അബ്‌ദുള്‍ സമദ് തുടങ്ങിയവര്‍ ഒന്‍പതാം തീയതി ക്യാംപില്‍ ചേരും. ജീയാക്‌സൺ ആദ്യമായാണ് സീനിയര്‍ ക്യാംപിലെത്തുന്നത്.

ഐഎസ്എൽ പ്ലേ ഓഫിൽ കളിക്കുന്ന 20 കളിക്കാര്‍ ഫൈനലിന് ശേഷം ക്യാംപിനൊപ്പം ചേരുമെന്നും സ്റ്റിമാച്ച് അറിയിച്ചു. സുനില്‍ ഛേത്രി, ഗുര്‍പ്രീത് സിംഗ് സന്ധു, ആഷിഖ് കുരുണിയന്‍, സൂസൈരാജ് തുടങ്ങിയവരാണ് രണ്ടാമത്തെ ബാച്ചിലുള്ള പ്രധാന താരങ്ങള്‍.