ആരെയും വേദനിപ്പിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും മത്സരം സമനിലയിലായതിന്റെ നിരാശ മൂലമാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
പനാജി: ഐ എസ് എല്‍ (ISL) ടൂര്‍ണമെന്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെതിരെയുള്ള (Kerala Blasters) മത്സരത്തിന് ശേഷം നടത്തിയ സെക്‌സിസ്റ്റ് പരാമര്‍ശത്തില്‍ ഖേദപ്രകടനവുമായി മുന്‍ ബ്ലാസ്റ്റേഴ്‌സ് താരവും എ ടി കെ മോഹന്‍ബഗാന്‍ (ATK Mohan Bagan) താരവുമായ സന്ദേശ് ജിങ്കാന്‍ (Sandesh Jhingan). മത്സരശേഷം ഡ്രസിങ് റൂമിലേക്ക് മടങ്ങിപ്പോകുമ്പോഴായിരുന്നു ജിങ്കാന്റെ വിവാദ പരാമര്‍ശം. ''ഔരതോം കി സാഥ് മാച്ച് ഖേല്‍ ആയാ ഹൂം'' (പെണ്‍കുട്ടികള്‍ക്കൊപ്പം കളിച്ചു) എന്നാണ് ജിങ്കാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. ജിങ്കാന്റെ പരാമര്‍ശത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തിന് പിന്നാലെ താരം മാപ്പ് പറഞ്ഞ് രംഗത്തെത്തി.
ആരെയും വേദനിപ്പിക്കാനല്ല അങ്ങനെ പറഞ്ഞതെന്നും മത്സരം സമനിലയിലായതിന്റെ നിരാശ മൂലമാണ് അങ്ങനെ പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു. 'തന്റെ പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് പറയുന്നുവെന്നും ആര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കണമെന്ന് ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു പോയിന്റ് മാത്രം കിട്ടിയതില്‍ നിരാശനായിരുന്നു. ആ സമയത്തെ ദേഷ്യത്തില്‍ എന്തെങ്കിലും പറയും. സാഹചര്യങ്ങളില്‍നിന്ന് അടര്‍ത്തിയെടുത്ത് പ്രചരിപ്പിക്കുന്നത് തന്റെ പ്രതിച്ഛായ തകര്‍ക്കാനാണെന്നും ജിങ്കാന്‍ ട്വീറ്റ് ചെയ്തു.
മത്സര അധിക സമയത്ത് നേടിയ ഗോളിലായിരുന്നു കഴിഞ്ഞ മത്സരത്തില്‍ എ ടി കെ മോഹന്‍ബഗാന്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ സമനില നേടിയത്. ഒന്നിനെതിരെ രണ്ട് ഗോളിന്റെ ലീഡുമായി കേരളം ജയവും മൂന്ന് പോയിന്റും ഉറപ്പിച്ച ഘട്ടത്തിലാണ് മിന്നുന്ന ഗോളുമായി ജോണി കോകോ മോഹന്‍ ബഗാന് സമനില നേടിയത്. ബ്ലാസ്റ്റേഴ്‌സിനായി അഡ്രിയാന്‍ ലൂണയാണ് രണ്ട് ഗോളുകളും നേടിയത്. സമനിലയോടെ കേരള ബ്ലാസ്റ്റേഴ്സ് 27 പോയിന്റുമായി ലീഗില്‍ നാലാം സ്ഥാനത്താണ്. ഫെബ്രുവരി 23ന് ഹൈദരാബാദ് എഫ്.സിയുമായാണ് ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം.
