കൊല്‍ക്കത്ത: ബംഗ്ലാദേശിനെതിരെ ഫിഫ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരത്തിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി. പ്രതിരോധതാരം സന്ദേശ് ജിങ്കാന്റെ സേവനം ഇന്ത്യക്ക് നഷ്ടമാവും. നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായുള്ള ഇന്ത്യയുടെ പരിശീലന മത്സരത്തില്‍ താരത്തിന് പരിക്കേല്‍ക്കുകയായിരുന്നു. കണങ്കാലിനേറ്റ പരിക്കാണ് താരത്തിന് വിനയായത്. ഈ മാസം 15ന് കൊല്‍ക്കത്ത സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.

എന്നാല്‍ പരിക്ക് സാരമുള്ളതാണെന്നും താരത്തിന് സീസണ്‍ തന്നെ നഷ്ടമാവുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഐഎസ്എല്ലിന് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനും കനത്ത തിരിച്ചടിയാണുണ്ടാവുക.  

പരിക്ക് കാരണം യോഗ്യത മത്സരം നഷ്ടമാവുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ജിങ്കാന്‍. നേരത്തെ മറ്റൊരു പ്രതിരോധതാരം രാഹുല്‍ ബെക്കേയ്ക്കും പരിക്കേറ്റിരുന്നു. ആദ്യ മത്സത്തരത്തില്‍ ഇന്ത്യ ഒമാനോജ് 1-2ന് പരാജയപ്പെട്ടിരുന്നു. എന്നാല്‍ രണ്ടാം മത്സരത്തില്‍ ഏഷ്യന്‍ ചാംപ്യന്മാരായ ഖത്തറിനെ സമനിലയില്‍ കുരുക്കാന്‍ ഇന്ത്യക്കായിരുന്നു. 

മൂന്നാം മത്സരത്തിനിറങ്ങുന്ന ഇന്ത്യയെ ജിങ്കാന്റെ അഭാവം പ്രശ്‌നത്തിലാക്കും. ജിങ്കാന് പകരം മലയാളി താരം അനസ് എടത്തൊടിക പ്ലയിങ് ഇലവനില്‍ കളിച്ചേക്കും.