ദില്ലി: ഈ വര്‍ഷമാണ് ഇന്ത്യയുടെ പ്രതിരോധതാരം സന്ദേശ് ജിങ്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സ് വിട്ടത്. ആറ് വര്‍ഷം കേരളത്തിനായി കളിച്ച ശേഷമാണ് ജിങ്കാന്‍ ക്ലബുമായി പിരിയാന്‍ തീരുമാനിച്ചത്. ഇതിനിടെ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള ഫുട്‌ബോള്‍ താരമായി ജിങ്കാന്‍ മാറിയിരുന്നു. മാത്രമല്ല, കേരളത്തിന്റെ സംസ്‌കാരവുമായി അദ്ദേഹം ആഴത്തില്‍ ഇടപവകുകയും ചെയ്തിരുന്നു. 

പലപ്പോഴും കേരത്തിന്റെ തനത് വസ്ത്രങ്ങളിലെല്ലാം ജിങ്കാനെ കണ്ടിട്ടുണ്ട്. ഇപ്പോഴിതാ കേരളവുമായിട്ടുള്ള ആത്മബന്ധത്തിന്റെ കാര്യം കൂടി പറയുകയാണ് ജിങ്കാന്‍ തന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ. കേരളത്തിലെ പരമ്പരാഗത പ്രാതലുകളില്‍ ഒന്നായ ദോശ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നാണ് ജിങ്കാന്‍ പറയുന്നത്. കേരളത്തില്‍ ഫുട്‌ബോള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ മിസ് ചെയ്യുന്നത് ദോശയാണെന്നാണ് ജിങ്കാന്‍ പറയുന്നത്. 

ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ ദോശയില്‍ അടങ്ങിയിരിക്കുന്ന പോഷകാംശങ്ങളെ കുറിച്ചൊക്കെ പറയുന്നുണ്ട്. ജിങ്കാന്‍ ദോശയുണ്ടാക്കുന്ന ഫോട്ടോയും പോസ്റ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. കഴിഞ്ഞ മേയിലാണ് ജിങ്കാന്‍ ക്ലബ് വിടാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇനി ഏത് ക്ലബിന് വേണ്ടി കളിക്കുമെന്നുള്ള കാര്യത്തില്‍ തീരുമാനമായിട്ടില്ല. യൂറോപ്പിലേക്ക് പോകുമെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.