Asianet News MalayalamAsianet News Malayalam

Santosh Trophy : യഥാർഥ വെല്ലുവിളി വരുന്നതേയുള്ളൂ; 5 സ്റ്റാര്‍ ജയത്തിന് പിന്നാലെ ജിജോ ജോസഫ്

ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 5-0ത്തിന്‍റെ ജയമാണ് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം സ്വന്തമാക്കിയത്

Santosh Trophy 2022 Kerala Football Team captain Jijo Joseph reacted after hat trick vs Rajasthan
Author
Malappuram, First Published Apr 17, 2022, 12:06 PM IST

മലപ്പുറം: സന്തോഷ് ട്രോഫിയില്‍ (Santosh Trophy) ഇനിയുള്ള മത്സരങ്ങളിലാണ് യഥാർഥ വെല്ലുവിളി കേരളത്തെ (Kerala Football Team) കാത്തിരിക്കുന്നതെന്ന് ക്യാപ്റ്റൻ ജിജോ ജോസഫ് (Jijo Joseph). പിഴവുകൾ തിരുത്തി മികച്ച പ്രകടനം നടത്താൻ ശ്രമിക്കുമെന്നും ജിജോ രാജസ്ഥാനെതിരായ (Kerala vs Rajasthan) തകര്‍പ്പന്‍ ജയത്തിന് ശേഷം പറഞ്ഞു. ആക്രമണ ഫുട്ബോളാണ് കേരളത്തിന്‍റെ ശൈലിയെന്ന് കോച്ച് ബിനോ ജോർജ്ജ് വ്യക്തമാക്കി. സെമി ഫൈനലിൽ സ്ഥാനം ഉറപ്പിക്കുകയാണ് ആദ്യ ലക്ഷ്യമെന്നും ബിനോ ജോർജ്ജ് പറഞ്ഞു.

ക്യാപ്റ്റന്‍ ജിജോ ജോസഫ് ഹാട്രിക്കുമായി മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ 5-0ത്തിന്‍റെ ജയമാണ് രാജസ്ഥാനെതിരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തില്‍ കേരളം സ്വന്തമാക്കിയത്. നിജോ ഗില്‍ബര്‍ട്ട്, അജയ് അലക്‌സ് എന്നിവരാണ് കേരളത്തിന്‍റെ മറ്റ് സ്‌കോറര്‍മാര്‍. പയ്യനാട് നിറഞ്ഞുകവിഞ്ഞ കാണികളെ സാക്ഷിയാക്കി ആറാം മിനിറ്റില്‍ കേരളം മുന്നിലെത്തി. ജിജോ ഫ്രീകിക്കില്‍ നിന്ന് ഗോള്‍ നേടുകയായിരുന്നു. ആദ്യ പകുതി അവസാനിക്കുന്നതിന് മുമ്പ് കേരളം ലീഡെടുത്തു. നിജോയുടെ വലങ്കാലന്‍ ഷോട്ട് ഫാര്‍ പോസ്റ്റിലേക്ക് താഴ്ന്നിറങ്ങി. 58-ാം മിനിറ്റില്‍ ജിജോയുടെ രണ്ടാം ഗോള്‍ പിറന്നു. റഹീമിന്‍റെ ത്രൂ പാസ് സ്വീകരിച്ച് താരം വല കുലുക്കി. വൈകാതെ നാലാം ഗോള്‍ പിറന്നു. സോയല്‍ ജോഷി നല്‍കിയ നിലംപറ്റെയുള്ള ക്രോസില്‍ കാല്‍വച്ച് ജിജോ ഹാട്രിക് പൂര്‍ത്തിയാക്കുകയായിരുന്നു. 82-ാം മിനിറ്റില്‍ അജയ് അലക്‌സും ഗോള്‍ നേടിയതോടെ കേരളം ചാമ്പ്യന്‍ഷിപ്പിലെ ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ ജയം പൂര്‍ത്തിയാക്കി. 

തിങ്കളാഴ്‌ച രണ്ടാം മത്സരത്തിൽ ബംഗാളിനെ കേരളം നേരിടും. ഇന്ത്യന്‍ ഫുട്ബോളിലെ രണ്ട് കോട്ടകള്‍ മുഖാമുഖം വരുന്ന തീപാറും പോരാട്ടമാണിത്. കോട്ടപ്പടി സ്റ്റേഡിയത്തില്‍ കരുത്തരായ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ചാണ് ബംഗാള്‍ കേരളത്തിനെതിരെ ഇറങ്ങുക. 61-ാം മിനുട്ടില്‍ ശുഭാം ബൗമിക്കിന്‍റെ വകയായിരുന്നു വിജയഗോള്‍. അതേസമയം ടീം പ്രഖ്യാപനവേളയില്‍ കോച്ച് ബിനോ ജോർജ് പറഞ്ഞതുപോലെ മിഡ്‌ഫീൽഡർമാർ കളംനിറയുന്നതിന്‍റെ പ്രതീക്ഷയിലാണ് കേരളം. ഫുട്‌ബോളിന്‍റെ ഹൃദയഭൂമിയായ മലപ്പുറത്തെ ആരാധക പിന്തുണയും ബംഗാളിനെതിരെ കേരളത്തിന് കരുത്താകും. 

കേരള ടീം: മിഥുന്‍ വി, എസ് ഹജ്മല്‍ (ഗോള്‍ കീപ്പര്‍മാര്‍). സഞ്ജു ജി, സോയില്‍ ജോഷി, ബിബിന്‍ അജയന്‍, അജയ് അലക്‌സ്, മുഹമ്മദ് സഹീഫ്, പി ടി മുഹമ്മദ് ബാസിത് (പ്രതിരോധം). അര്‍ജുന്‍ ജയരാജ്, അഖില്‍ പി, സല്‍മാന്‍, ഫസലു റഹ്മാന്‍, എന്‍ എസ് ഷിഗില്‍, പി എന്‍ നൗഫല്‍, നിജോ ഗില്‍ബര്‍ട്ട്, മുഹമ്മദ് റാഷിദ്, ജിജോ ജോസഫ് (മധ്യനിര). എം വിഗ്നേഷ്, ജെസിന്‍, മുഹമ്മദ് ഷഫ്നാസ് (മുന്നേറ്റം).

Santosh Trophy : ഓൺലൈനായി ടിക്കറ്റ് വിതരണം: എല്ലാം കൈവിട്ട് പോയപ്പോൾ കൈ മലർത്തി സംഘാടകർ

Follow Us:
Download App:
  • android
  • ios