എവിടെ കളിയുണ്ടോ അവിടേക്ക് കുതിച്ചെത്തുന്ന ഫുട്ബോൾ ആരാധകരുടെ കയ്യിലുണ്ടാവുക വുവുസ്വലയെ ഓർമിപ്പിക്കുന്ന നീണ്ട പീപ്പികളും ഉച്ചത്തിൽ പാടുന്ന 'പെ പെ പെ പ്പെ ഹൊയ്' എന്ന ചാന്റും മാത്രം. ഫെഡറേഷൻ കപ്പായാലും സന്തോഷ് ട്രോഫിയായാലും എന്തിനേറെ ലോക്കൽ സെവൻസായാലും ഈ ചാന്റ് ആരാധകരുടെ ചുണ്ടിലുണ്ടാകും
മലപ്പുറം: പതിനായിരങ്ങൾ ഒഴുകിയെത്തുന്ന ബാഴ്സലോണയുടെ ക്യാമ്പ് നൗ സ്റ്റേഡിയം... ആരാധകർ ചങ്ക് പൊട്ടി ഒരേ സ്വരത്തിൽ പാടുകയാണ് 'ഓലെ... ലെ.., ഓലാ...ലാ'... ചാന്റിന്റെ താളം മുറുകുന്നതോടെ ബാഴ്സലോണയുടെ കളിക്കാരില്‍ കൂടുതൽ ആവേശവും ഊർജവും നിറയുന്നു. എതിർ ടീം അംഗങ്ങൾ ഒന്നടങ്കം തളരുന്നു. തൊണ്ണൂറ് മിനുട്ടുകളുടെ അകലം മാത്രം. കാറ്റു നിറച്ച തുകൽ പന്തിന് പിന്നാലെ പായുകയാണ് ആ പതിനൊന്ന് കളിക്കാരും ഒപ്പം പന്ത്രണ്ടാമനായി എത്തിയ സ്റ്റേഡിയത്തിലെ പതിനായിരങ്ങളും.
സംഭവം നടക്കുന്നത് ബാഴ്സലോണയിലാണെങ്കിലും ഈ കൊച്ചു കേരളത്തിലെ മലപ്പുറം ജില്ലക്കുമുണ്ട് അതിനൊക്കെ വെല്ലുന്ന കളിയാവേശവും ചാന്റും. എവിടെ കളിയുണ്ടോ അവിടേക്ക് കുതിച്ചെത്തുന്ന ഫുട്ബോൾ ആരാധകരുടെ കയ്യിലുണ്ടാവുക വുവുസ്വലയെ ഓർമിപ്പിക്കുന്ന നീണ്ട പീപ്പികളും ഉച്ചത്തിൽ പാടുന്ന 'പെ പെ പെ പ്പെ ഹൊയ്' എന്ന ചാന്റും മാത്രം. ഫെഡറേഷൻ കപ്പായാലും സന്തോഷ് ട്രോഫിയായാലും എന്തിനേറെ ലോക്കൽ സെവൻസായാലും ഈ ചാന്റ് ആരാധകരുടെ ചുണ്ടിലുണ്ടാകും. ഇടക്ക് മെക്‌സിക്കൻ തിരമാലകളും.
കേരളം പയ്യനാട്ടിലേക്ക് ചുരുങ്ങുമ്പോൾ
സൂര്യൻ മാഞ്ഞു, ഇരുട്ട് പരക്കാൻ തുടങ്ങി. പതിയെ സ്റ്റേഡിയത്തിലെ ഫ്ളെഡ് ലൈറ്റുകൾ കത്തിത്തുടങ്ങി. നിമിഷങ്ങൾക്കകം പയ്യനാട് ഗ്രൗണ്ടിൽ വെള്ള വെളിച്ചം പടർന്നു. ഗ്യാലറിയിൽ ആളുകളെത്തിത്തുടങ്ങുന്നു. പതിയെ ഇരിപ്പിടിങ്ങൾ പൂർണ്ണമായി. സ്‌റ്റേഡിയം തിങ്ങി നിറഞ്ഞു. കളിയാവേഷത്തിന്റെ കൊടുമുടിയിലാണ് ഫുട്‌ബോൾ പ്രേമികൾ. എങ്ങും ആഘോഷവും ആവേശവും മാത്രം. കേരളത്തിന്റെ ചുണക്കുട്ടികൾ ഗ്രൗണ്ടിലേക്കിറങ്ങിയതോടെ ആർപ്പുവിളികളുടെ ശബ്ദവും കൂടി.
പുരുഷാരം കരഘോഷത്തിന്റെ തിമിർപ്പിൽ. സ്‌റ്റേഡിയത്തിന്റെ ഒരുമൂലയിൽ നിന്നും പതിയെ തുടങ്ങി 'പെ പെ പെ പ്പെ ഹൊയ്, പെ പെ പെ പ്പെ ഹൊയ്', മിന്നൽ വേഗത്തിൽ സ്‌റ്റേഡിയം മൊത്തം ആ ചാന്റ് ഏറ്റെടുത്തു. നിലക്കാത്ത ആർപ്പുവിളികൾ. പച്ചപ്പുൽ മൈതാനത്ത് ഇരു ടീമുകളും അണി നിരന്നു. അഞ്ചടിച്ച നെഞ്ചുറപ്പിൽ ജിജോ ജോസഫ് നയിക്കുന്ന കേരള ടീം മഞ്ഞ ജെഴ്‌സിയണിഞ്ഞും പഞ്ചാബിന്റെ നെഞ്ചത്ത് തറച്ചിട്ട ഒറ്റ ഗോളിന്റെ വിജയത്തിൽ പയ്യനാട്ടേക്ക് വണ്ടി കയറിയ വെസ്റ്റ് ബംഗാളും ഗ്രൗണ്ടിൽ. 3-4-3 ശൈലിയിലാണ് കേരളം കളത്തിലിറങ്ങിയത്. പ്രതിരോധത്തിന് ഊന്നൽ നൽകി 4-3-3 ശൈലിയിൽ ബംഗാളും. കേരളം അവസാനമായി ചാമ്പ്യന്മാരായത് ബംഗാളിനെ തോൽപ്പിച്ചാണ്. അതിന്റെ കടം തീർക്കുമെന്ന് ഉറപ്പിച്ചാണ് ബംഗാൾ കളത്തിലിറങ്ങിയതും.
സമയം എട്ട് മണി. റഫറി വിസിൽ മുഴക്കി, പോരാട്ടം തുടങ്ങി. അങ്ങോട്ടുമിങ്ങോട്ടും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളും. ആദ്യ പകുതിയിൽ മികച്ച മുന്നേറ്റങ്ങൾ നടത്തിയ ഇരു ടീമിനും പക്ഷെ വല തുളക്കാനായില്ല. രണ്ടാം പകുതിയിലും മികച്ച അവസരങ്ങൾ കേരളത്തിന് ലഭിച്ചുവെങ്കിലും നൈലോൺ വല കുലുങ്ങിയില്ല. എന്നാൽ 84-ാം മിനുട്ടിൽ നൗഫലിന്റെ ബൂട്ടിൽ നിന്നും കേരളം ലക്ഷ്യം കണ്ടു. ഗാലറി ഇളകി മറിഞ്ഞു. സ്‌കോർ 1-0. തൊട്ടടുത്ത മിനുട്ടിൽ തന്നെ ബംഗാൾ കേരളത്തിന്റെ ഗോൾവരക്ക് അടുത്തെത്തിയെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു.
93-ാം മിനുട്ടിൽ ജെസിനും വല കുലുക്കിയതോടെ സ്‌കോർ പട്ടിക പൂർത്തിയായി. സ്‌കോർ 2-0. ഗ്യാലറിയിൽ വീണ്ടും അഹ്ലാദ നൃത്തം. മെക്‌സിക്കൻ തിരമാലകളും ഫ്‌ലാഷ് ലൈറ്റ് വിസ്മയങ്ങളും തുടർന്ന് കൊണ്ടിരുന്നു. ആവേശത്തോടെ, ആഹ്ലാദത്തോടെ മലപ്പുറത്തെ ഫുട്‌ബോൾ ആരാധകർ 'പെ പെ പെ പ്പെ ഹൊയ്, പെ പെ പെ പ്പെ ഹൊയ്' ഉറക്കെ മുഴക്കി കൊണ്ട് നെഞ്ച് വിരിച്ച് തന്നെ മടങ്ങി.
