കരിയറിലാദ്യമായി ക്ലബിന്‍റെ മേൽവിലാസമില്ലാതെ ഫ്രീ ഏജന്‍റായി നിൽക്കുകയാണ് റോണോ

ദോഹ: ക്രിസ്റ്റ്യാനോ റൊണാൾഡോ ആഭ്യന്തര ലീഗിലേക്ക് വരികയാണെങ്കിൽ ഇരു കയ്യും നീട്ടി സ്വീകരിക്കുമെന്ന് സൗദി. സൂപ്പർ താരം സൗദിയിൽ കളിക്കുന്നത് കാണാൻ കൊതിക്കുന്നതായി കായിക മന്ത്രി അബ്ദുൽ അസീസ് ഇബ്നു തുർക്കി അൽ ഫൈസൽ വ്യക്തമാക്കി. നേരത്തെ സൗദി ക്ലബ് നൽകിയ വമ്പൻ ഓഫ‍ർ താരം നിരസിച്ചിരുന്നു.

കരിയറിലാദ്യമായി ക്ലബിന്‍റെ മേൽവിലാസമില്ലാതെ ഫ്രീ ഏജന്‍റായി നിൽക്കുകയാണ് റോണോ. ഇതിഹാസ താരം എവിടെ ചേക്കേറുമെന്ന ആകാംക്ഷ വാനോളമുയരുന്നു. അതിനിടെയാണ് സൗദി കായിക മന്ത്രിയുടെ പ്രതികരണം. സൗദിയുടെ ആഭ്യന്തര ലീഗിൽ ക്രിസ്റ്റ്യാനോ പന്ത് തട്ടുന്നത് കാണാൻ കൊതിക്കുന്നവർ ഏറെയുണ്ട്. സിആർ സെവന് മനംകവരും ഓഫർ അൽഹിലാൽ ക്ലബ് നൽകിയെങ്കിലും റോണോയത് നിരസിച്ചിരുന്നു. ചാമ്പ്യൻസ് ലീഗ് കളിക്കണമെന്ന മോഹം കാരണം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിടാൻ സീസണിന്‍റെ തുടക്കത്തിൽ ക്രിസ്റ്റ്യാനോ ശ്രമിച്ചിരുന്നു. ജനുവരി ട്രാൻസ്ഫർ ജാലകത്തിൽ ബയേൺ മ്യൂണിക്, ചെൽസി, തുടങ്ങിയ ക്ലബ്ബുകളാണ് റോണേയുടെ മനസിൽ.

എന്നാൽ ആരും ഇതുവരെ വലിയ താത്പര്യം പ്രകടിപ്പിച്ചിട്ടില്ല. ഇതിനിടെയാണ് ക്രിസ്റ്റ്യാനോയെ സ്വാഗതം ചെയ്യും വിധം സൗദി സ‍ർക്കാർ പ്രതിനിധിയുടെ പ്രതികരണം.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ മാഞ്ചസ്റ്റർ യുണൈറ്റഡിലെ രണ്ടാം ഇന്നിംഗ്‍സിന് ഖത്തര്‍ ലോകകപ്പിനിടെ നാടകീയാന്ത്യമായിരുന്നു. നിലവിലെ കരാർ റദ്ദാക്കാനാണ് താരവും ക്ലബും തമ്മിൽ ധാരണയിലെത്തിയത്. ക്ലബ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി ഫുട്ബോള്‍ ലോകത്തെ അറിയിച്ചത്. രണ്ട് കാലഘട്ടങ്ങളിലായുള്ള സംഭാവനകള്‍ക്ക് ക്ലബ് സിആർ7ന് നന്ദി പറഞ്ഞു. മാധ്യമപ്രവർത്തകന്‍ പിയേഴ്സ് മോര്‍ഗനുമായുള്ള അഭിമുഖത്തില്‍ യുണൈറ്റഡ് ക്ലബിനെതിരെയും പരിശീലകന്‍ എറിക് ടെന്‍ ഹാഗിനെതിരെയും ആഞ്ഞടിച്ചതോടെയാണ് ഓള്‍ഡ് ട്രഫോർഡിലെ റോണോ യുഗം അവസാനിക്കുന്നതിലേക്ക് ഇപ്പോള്‍ കാര്യങ്ങള്‍ നയിച്ചത്. 

മാഞ്ചസ്റ്റര്‍ യുണൈറ്റില്‍ രണ്ട് കാലഘട്ടങ്ങളിലായി 346 മത്സരങ്ങള്‍ കളിച്ച ക്രിസ്റ്റ്യാനോ 145 ഗോളുകള്‍ നേടിയിട്ടുണ്ട്. രണ്ടാംവരവില്‍ 54 കളിയില്‍ 27 തവണ വലകുലുക്കി. 2003 മുതല്‍ 2009 വരെയായിരുന്നു യുണൈറ്റഡില്‍ റോണോയുടെ ആദ്യ കാലം. യുവന്‍റസില്‍ നിന്ന് 2021 ഓഗസ്റ്റിലാണ് ക്രിസ്റ്റ്യാനോ തന്‍റെ പ്രിയ ക്ലബിലേക്ക് മടങ്ങിയെത്തിയത്. 

മാഞ്ചസ്റ്റര്‍ യുണൈറ്റ‍ഡ് വില്‍പനയ്ക്ക്; പ്രതാപം ക്ഷയിച്ച ക്ലബിനെ കോടികളെറിഞ്ഞ് ആര് വാങ്ങും?