സൗദി സൂപ്പര്‍ താരങ്ങളുടെ പറുദീസയാകുമോ? ബെന്‍സേമയും മോഡ്രിച്ചും റാമോസും ലക്ഷ്യമെന്ന് റിപ്പോര്‍ട്ട്
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ അൽ നസ്ർ ക്ലബിന്‍റെ മാത്രമല്ല, സൗദി ലീഗിന്‍റെ തന്നെ തലവര മാറിയിരിക്കുകയാണ്.

റിയാദ്: പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് പിന്നാലെ കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാൻ സൗദി ക്ലബുകളുടെ നീക്കം. കരീം ബെൻസേമ, ലൂക്ക മോഡ്രിച്ച്, സെർജിയോ റാമോസ് തുടങ്ങിയവരെയാണ് സൗദി ക്ലബുകൾ നോട്ടമിട്ടിരിക്കുന്നത് എന്നാണ് സ്‌പാനിഷ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ടുകള്‍ സത്യമായാല്‍ മിഡില്‍ ഈസ്റ്റ് ഫുട്ബോള്‍ വിപ്ലവത്തിനാകും സാക്ഷ്യംവഹിക്കുക.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വരവോടെ അൽ നസ്ർ ക്ലബിന്‍റെ മാത്രമല്ല, സൗദി ലീഗിന്‍റെ തന്നെ തലവര മാറിയിരിക്കുകയാണ്. റൊണാൾഡോയുടെ സാന്നിധ്യം ലോക ഫുട്ബോളിന്‍റെ ശ്രദ്ധ സൗദിയിലേക്കെത്തിച്ചു. ഇതോടെ ഇതോടെ അൽ നസ്റിന്‍റെ ഓഹരിയിലും ബ്രാന്‍ഡ് മൂല്യത്തിലും അമ്പരപ്പിക്കുന്ന വർധനയാണ് ഉണ്ടായത്. ഈ പശ്ചാത്തലത്തിൽ കൂടുതൽ സൂപ്പർ താരങ്ങളെ സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് അൽ നസ്ർ അടക്കമുള്ള സൗദി ക്ലബുകൾ. നിലവിലെ ബാലണ്‍ ഡി ഓര്‍ ജേതാവായ കരിം ബെന്‍സെമ, ക്രൊയേഷ്യൻ നായകൻ ലൂക്ക മോഡ്രിച്ച് എന്നിവരെ സ്വന്തമാക്കാൻ സൗദി ക്ലബുകൾ നീക്കം തുടങ്ങിയെന്ന് സ്‌പാനിഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഈ സീസണോടെ റയൽ മാഡ്രിഡുമായി കരാർ അവസാനിക്കുന്ന ബെൻസേമയ്ക്കും മോഡ്രിച്ചിനും വളരെ ഉയർന്ന പ്രതിഫലമാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാൽ ബെൻസേമയും മോഡ്രിച്ചും റയലിൽ പ്രൊഫഷണൽ കരിയർ അവസാനിപ്പിക്കുമെന്നും മറ്റൊരു ക്ലബിലേക്ക് പോകുമെന്ന് കരുതുന്നില്ലെന്നും കോച്ച് കാർലോ ആഞ്ചലോട്ടി പ്രതികരിച്ചു. പിഎസ്‌ജിയുടെ സെർജിയോ റാമോസ്, ബാഴ്സലോണയുടെ സെർജിയോ ബുസ്കറ്റ്സ് എന്നിവരെയും സൗദി ക്ലബുകൾ നോട്ടമിട്ടിട്ടുണ്ട്. നിലവിൽ കിട്ടുന്നതിന്‍റെ ഇരട്ടി പ്രതിഫലമാണ് ഇരുവർക്കും നൽകിയിരിക്കുന്ന വാഗ്ദാനം. ലോക റെക്കോർഡ് പ്രതിഫലത്തിനാണ് റൊണാൾഡോയെ അൽ നസ്ർ സൗദി ലീഗിൽ എത്തിച്ചിരിക്കുന്നത്.