ബ്യൂണസ് ഐറിസ്: അര്‍ജന്റീനയുടെ പരിശീലക സ്ഥാനത്ത് ലിയോണല്‍ സ്‌കലോണിയെ നിലനിര്‍ത്താന്‍ തീരുമാനമായി. കോപ്പ അമേരിക്കയില്‍ ഫൈനല്‍ കാണാതെ പുറത്തായെങ്കിലും കോച്ചിനെ മാറ്റേണ്ടെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ തീരുമാനിക്കുകയായിരുന്നു. 

2022ലെ ലോകകപ്പ് ഫുട്‌ബോളിനുള്ള യോഗ്യതാ മത്സരങ്ങളിലും സ്‌കലോണി തന്നെ ടീമിനെ പരിശീലിപ്പിക്കുമെന്ന് എഎഫ്എ വ്യക്തമാക്കി. മുന്‍  പരിശീലകന്‍ സാംപോളിക്ക് കീഴില്‍ സഹപരിശീലകന്‍ ആയിരുന്നു സ്‌കലോണി. പിന്നാലെ സാംപോളിക്ക് ശേഷം ടീമിന്റെ ഇടക്കാല പരിശീലകനായി ചുമതല ഏറ്റെടുക്കുകയായിരുന്നു.

2016-17 സീസണില്‍ ലാ ലിഗ ക്ലബ് സെവിയ്യയില്‍ അസിസ്റ്റന്റ് കോച്ചായ പ്രവര്‍ത്തിച്ചത് മാത്രമാണ് സ്‌കലോണിയുടെ കോച്ചിങ് പരിചയം. അന്നും സാംപോളിക്ക് കീഴിലായിരുന്നു സ്‌കലോണി.