കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകന്‍ ഈല്‍കോ ഷാട്ടോരി ചുമതലയേറ്റെടുത്തിട്ട് അധികനാളായില്ല. ഇപ്പോള്‍ പുതിയ സീസണില്‍ ക്ലബിന്റെ ലക്ഷ്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് ഷാട്ടോരി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കിരീടമല്ലാതെ മറ്റൊന്നും ലക്ഷ്യമിടുന്നില്ലെന്നാണ് ഷാട്ടോരി പറയുന്നത്. 

ഷാട്ടോരി തുടര്‍ന്നു... ''സൂപ്പര്‍ ലീഗില്‍ ഒരു ടീം പോലും കിരീടത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നുണ്ടാവില്ല. ബ്ലാസ്‌റ്റേഴ്‌സിന്റെയും ലക്ഷ്യം അതുതന്നെയാണ്. ആദ്യം ലീഗില്‍ ഉയര്‍ന്ന സ്ഥാനത്ത് ഫിനിഷ് ചെയ്യുകയാണ് വേണ്ടത്. കഴിഞ്ഞ രണ്ട് സീസണിലും ബ്ലാസ്റ്റേഴ്‌സിന്റേത് മോശം പ്രകടനമായിരുന്നു. അതുകൊണ്ടുതന്നെ ഒരു പുതിയ ടീമിനെ ഒരുക്കിയെടുക്കുകയാണ് വേണ്ടത്. 

മുമ്പ് നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകനായി ചുമതയേല്‍ക്കുമ്പോഴും അവരുടെ അവസ്ഥ പരിതാപകരമായിരുന്നു. പിന്നീട് ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചു. ഇത്തവണ ബ്ലാസ്റ്റേഴ്‌സിനേയും അതേ രീതിയില്‍ ഉയര്‍ത്തുകയാണ് ലക്ഷ്യം.'' ഷാട്ടോരി പറഞ്ഞുനിര്‍ത്തി.