കൊച്ചി: നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരമായിരുന്ന സത്യസെൻ സിംഗ് ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2019-2020 സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനായി കളിക്കും. 2015മുതൽ ഐഎസ്എല്‍ താരമായ സത്യസെൻ സിംഗ്,  മുൻപ് ഡൽഹി ഡൈനാമോസ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി,  ഡിഎസ്കെ ശിവാജിയൻസ്,  സാൽഗോക്കർ എഫ്സി,  റോയൽ വാഹിങ്‌ ഡോഹ് തുടങ്ങിയ ക്ലബ്ബുകളിലും കളിച്ചിട്ടുണ്ട്. കൂടാതെ നിരവധി തവണ ഇന്ത്യൻ ദേശീയ ടീം ജഴ്‌സിയും അണിഞ്ഞിട്ടുണ്ട്.

കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകുക എന്നത് ഒരു പുതിയ വെല്ലുവിളിയാണെന്നും അത്ഏറ്റെടുക്കാൻ തയ്യാറാണെന്നും സത്യസെൻ സിംഗ് പറഞ്ഞു. എന്റെ ഏക ലക്ഷ്യം മികച്ച വിജയങ്ങളാകും, ക്ലബ്ബിന്റെ ലക്ഷ്യങ്ങൾ നേടാൻ ടീമിനെ പിന്തുണയ്ക്കാൻ പരമാവധി പരിശ്രമിക്കുമെന്നും സത്യസെൻ സിംഗ് വ്യക്തമാക്കി.

വലത്, ഇടത് വിങ്ങുകളിൽ ഒരുപോലെ കളിക്കാൻ കഴിയുന്ന താരമായ  സത്യസെൻ ടീമിലെത്തിയതിൽ സന്തോഷമുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് പരിശീലകന്‍ ഇൽക്കോ ഷെട്ടോരി പറഞ്ഞു. പ്രധാനമായും വലതുകാൽ ഉപയോഗിച്ച് കളിക്കുന്ന കളിക്കാരനാണെങ്കിലും  കളിക്കിടയിൽ ഇടത്കാൽ ഉപയോഗിച്ച് ഷൂട്ട്‌ ചെയ്യുവാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്. കൂടാതെ ആകർഷകമായ വേഗതയുമുണ്ട്. അത് ഈ വർഷം വിങ്ങിൽ  മികച്ച നേട്ടങ്ങൾ കരസ്ഥമാക്കാൻ കാരണമാകുമെന്നും ഇൽക്കോ ഷെട്ടോരി അഭിപ്രായപ്പെട്ടു.