ടൂറിന്‍: ഇറ്റാലിയൻ ലീഗ് ഫുട്ബോളിൽ യുവന്റസിന് തുട‍ര്‍ച്ചയായ മൂന്നാം ജയം. യുവന്റസ് ഒന്നിനെതിരെ മൂന്ന് ഗോളിന് സസൗളയെ തോൽപിച്ചു. രണ്ടാം പകുതിയിലായിരുന്നു മൂന്ന് ഗോളും. ഡാനിലോ, ആരോൺ റാംസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരാണ് യുവന്റസിന്റെ ഗോളുകൾ നേടിയത്.

ഇതോടെ റൊണാൾഡോ പ്രൊഫണൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ജോസഫ് ബികാന്റെ റെക്കോർഡിനൊപ്പമെത്തി. ഇരുവർക്കും 759 ഗോൾ വീതമായി. 16 കളിയിൽ 33 പോയിന്റുമായി യുവന്റസ് ലീഗിൽ നാലാം സ്ഥാനത്താണിപ്പോൾ.

എഫ്‌ എ കപ്പിലും തകര്‍പ്പന്‍ ജയങ്ങള്‍

എഫ് എ കപ്പ് ഫുട്ബോളിൽ ചെൽസി നാലാം റൗണ്ടിൽ കടന്നു. ചെൽസി എതിരില്ലാത്ത നാല് ഗോളിന് മോർകാംപിനെ തോൽപിച്ചു. ആദ്യ പകുതിയിൽ ചെൽസി രണ്ട് ഗോളിന് മുന്നിലായിരുന്നു. മേസൺ മൗണ്ടാണ് ചെൽസിയുടെ സ്കോറിംഗിന് തുടക്കമിട്ടത്. തിമോ വെർണർ, കല്ലം ഹഡ്സൺ ഒഡോയ്, കായ് ഹാവെർട്സ് എന്നിവരാണ് മറ്റ് ഗോളുകൾ നേടിയത്. 

മാഞ്ചസ്റ്റർ സിറ്റിയും എഫ് എ കപ്പിന്റെ നാലാം റൗണ്ടിലേക്ക് മുന്നേറി. സിറ്റി എതിരില്ലാത്ത മൂന്ന് ഗോളിന് ബർമിംഗ്ഹാം സിറ്റിയെ തോൽപിച്ചു. ബെർണാഡോ സിൽവയുടെ ഇരട്ടഗോളാണ് സിറ്റിക്ക് തുണയായത്. ഫിൽ ഫോഡനാണ് മൂന്നാം ഗോൾ നേടിയത്. ആദ്യ പകുതിയിലായിരുന്നു മൂന്ന് ഗോളും. 

ഹാട്രിക് കരുത്തില്‍ ടോട്ടനം

എഫ്എ കപ്പിൽ തകർപ്പൻ ജയത്തോടെ ടോട്ടനവും നാലാം റൗണ്ടിലേക്ക് മുന്നേറി. ടോട്ടനം എതിരില്ലാത്ത അഞ്ച് ഗോളിന് മറൈനെ തകർത്തു. കാർലോസ് വിനീഷ്യസിന്റെ ഹാട്രിക് കരുത്തിലാണ് ടോട്ടനത്തിന്റെ ജയം. 24, 30, 37 മിനിറ്റുകളിലായിരുന്നു കാ‍ർലോസിന്റെ ഹാട്രിക്. ലൂക്കാസ് മൗറ, ആൽഫീ ഡിവൈൻ എന്നിവരാണ് ടോട്ടനത്തിന്റെ മറ്റ് ഗോളുകൾ.