ഫിഫ ലോകകപ്പ് ഗ്രൂപ്പ് എ മത്സരത്തിൽ ദക്ഷിണ കൊറിയ ചെക്ക് റിപ്പബ്ലിക്കിനെ പരാജയപ്പെടുത്തി. ഒരു ഗോളിന് പിന്നിൽ നിന്ന ശേഷം രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ തിരിച്ചടിച്ചാണ് കൊറിയ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് വിജയിച്ചത്. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ വിജയ ഗോളുകൾ നേടിയത്.
മെക്‌സിക്കോ സിറ്റി: ഫിഫ ലോകകപ്പ് ഗ്രൂപ്പ് എയില്‍ ജയിച്ചു തുടങ്ങി ഏഷ്യന്‍ വമ്പന്മാരായ ദക്ഷിണ കൊറിയ. പൊരുതി കളിച്ച ചെക്ക് റിപ്പബ്ലിക്കിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് കൊറിയ പരാജയപ്പെടുത്തിയത്. രണ്ടാം പാതിയിലാണ് മൂന്ന് ഗോളുകളും പിറന്നത്. ആദ്യം ചെക്ക് റിപ്പബ്ലിക്ക് ലീഡ് എടുത്തെങ്കിലും കൊറിയ രണ്ട് ഗോള്‍ തിരിച്ചടിച്ചു. ഹ്വാങ് ഇന്‍-ബെയോം, ഓഹ് ഹ്യൂയോന്‍-ഗ്യൂ എന്നിവരാണ് കൊറിയയുടെ ഗോളുകള്‍ നേടിയത്. ലാഡിസ്ലാവ് ക്രെജ്‌സിയുടെ വകയായിരുന്നു ചെക്കിന്റെ ഏക ഗോള്‍. ലോകകപ്പിലെ ആദ്യ മത്സരത്തില്‍ മെക്‌സിക്കോ, ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചുരുന്നു.
മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയിട്ടും ആദ്യ പകുതിയില്‍ ഗോള്‍ കണ്ടെത്താന്‍ ദക്ഷിണ കൊറിയക്ക് സാധിച്ചില്ല. കളിയുടെ സമയം പുരോഗമിക്കവെ, പ്രതിരോധത്തില്‍ നിന്ന് ആക്രമണത്തിലേക്ക് വേഗത്തില്‍ മാറുന്ന തന്ത്രം കൊറിയക്കാര്‍ നന്നായി നടപ്പിലാക്കി. ഹ്വാങ് ഇന്‍-ബിയോം, പെയ്ക് സ്യൂങ്-ഹോ എന്നിവരിലൂടെ മധ്യനിരയില്‍ കളി മെനഞ്ഞ കൊറിയ, പന്ത് ക്യാപ്റ്റന്‍ സോണ്‍ ഹ്യൂങ്-മിന് എത്തിച്ചുകൊടുത്തു. മറുഭാഗത്ത്, കൊറിയയുടെ ശക്തമായ പ്രതിരോധനിരയെ മറികടക്കാന്‍ അവര്‍ക്ക് സാധിച്ചില്ല.
എന്നാല്‍ രണ്ടാം പകുതിയില്‍ കൊറിയയെ ഞെട്ടിച്ചുകൊണ്ട് ചെക്ക് ഗോള്‍ നേടി. 59-ാം മിനിറ്റില്‍ കൊറിയന്‍ പോസ്റ്റിലേക്ക് വന്ന ഒരു റോക്കറ്റ് ത്രോ ലാഡിസ്ലാവ് ക്രെജ്‌സി ഹെഡ് ചെയ്ത് വലയില്‍ കയറ്റുകയായിരുന്നു. സ്‌റ്റേഡിയം നിശ്ചലമായി. എന്നാല്‍ ആഘോഷങ്ങള്‍ക്ക് എട്ട് മിനിറ്റ് മാത്രമായിരുന്നു ആയുസ്. സഹതാരത്തിന്റെ മനോഹരമായ ഒരു ത്രൂ-ബോള്‍ സ്വീകരിച്ച ഇന്‍-ബെയോം ബോക്‌സിലേക്ക് പന്തുമായി മുന്നേറി. തുടര്‍ന്ന് ഗോള്‍ കീപ്പര്‍ ഉള്‍പ്പെടെയുള്ള പ്രതിരോധത്തെ കബളിപ്പ് പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു. സ്‌കോര്‍ 1-1.
76-ാം മിനിറ്റില്‍ ചെക്ക് റിപ്പബ്ലിക്കിന്റെ ഗോള്‍ ഓഫ്സൈഡായി വിധിച്ചു. നാല് മിനിറ്റുകള്‍ക്ക് ശേഷം കൊറിയയുടെ വിജയഗോള്‍. വലത് വിംഗില്‍ നിന്ന് ഹ്വാങ് നല്‍കിയ ക്രോസ് പ്രതിരോധ താരത്തെ മറികടന്ന് ഓഹ് വലയിലെത്തിക്കുകയായിരുന്നു. ഗോള്‍ കീപ്പറുടെ കൈകളില്‍ തട്ടി പന്ത് ഗോള്‍വര കടന്നു.
