ഫിഫ ലോകകപ്പ് മത്സരങ്ങൾ സൗജന്യമായി കാണാമെന്ന പേരിൽ വ്യാജ ആപ്പുകൾ വഴി സൈബർ തട്ടിപ്പ് വ്യാപകമാകുന്നതായി കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. ഈ ആപ്പുകൾ ഫോണിന്റെ നിയന്ത്രണം ഏറ്റെടുത്ത് ബാങ്കിംഗ് ആപ്പുകളിൽ നിന്ന് പണം തട്ടുന്നു. തട്ടിപ്പിന് ഇരയായാൽ ഉടൻ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പോലീസ് നിർദ്ദേശിക്കുന്നു.

തിരുവനന്തപുരം: ഫിഫ ലോകകപ്പ് മത്സരങ്ങളുടെ തത്സമയ സംപ്രേഷണം സൗജന്യമായി കാണാമെന്ന വ്യാജേന ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ട് സോഷ്യൽ മീഡിയ വഴി വ്യാപകമായ സൈബർ തട്ടിപ്പ് നടക്കുന്നതായി കേരള പൊലീസിന്‍റെ മുന്നറിയിപ്പ്. ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ടെലിഗ്രാം, വാട്സാപ്പ്, യൂട്യൂബ് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങൾ വഴിയാണ് തട്ടിപ്പുകാർ പ്രധാനമായും കെണിയൊരുക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

"FIFA World Cup ലൈവ് ഫ്രീ", "1000+ ടിവി ചാനലുകൾ സൗജന്യം", "പ്രീമിയം OTT ഉള്ളടക്കം ഫ്രീ", "പരസ്യങ്ങളില്ലാതെ സിനിമകളും മത്സരങ്ങളും" എന്നിങ്ങനെയുള്ള ആകർഷകമായ വാഗ്ദാനങ്ങളുമായാണ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നത്. ഔദ്യോഗിക ആപ്ലിക്കേഷനുകളെ അനുസ്മരിപ്പിക്കുന്ന വിധത്തിലുള്ള HZ TV, OPEN TV, NB TV, MAX TV, XM TV, TUBI TV തുടങ്ങിയ പേരുകളിലാണ് ഈ വ്യാജന്മാർ അറിയപ്പെടുന്നത്. ഇവ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകില്ല. പകരം, സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന പ്രത്യേക ലിങ്കുകൾ വഴി ഇത്തരം ആപ്ലിക്കേഷനുകളുടെ എപികെ ഫയലുകൾ ഡൗൺലോഡ് ചെയ്യിച്ചാണ് തട്ടിപ്പിന് തുടക്കമിടുന്നത്.

ഫോണിന്‍റെ നിയന്ത്രണം പൂർണ്ണമായും തട്ടിപ്പുകാരുടെ കൈകളിൽ

ഈ വ്യാജ ആപ്ലിക്കേഷനുകൾ മൊബൈലിൽ ഇൻസ്റ്റാൾ ചെയ്തുകഴിഞ്ഞാൽ, തുടർന്ന് പ്രവർത്തിക്കുന്നതിനായി "Update Required", "Activate Subscription", "Enable Service" തുടങ്ങിയ സന്ദേശങ്ങൾ സ്ക്രീനിൽ തെളിയും. ഇവ അനുവദിക്കുന്നതോടെ ഫോണിന്‍റെ അതീവ സുരക്ഷാ വിഭാഗങ്ങളായ അക്സസിബിലിറ്റി സർവീസ്, സ്ക്രീൻ ഓവർലേ, നോട്ടിഫിക്കേഷൻ ആക്സസ് എന്നിവയ്ക്കുള്ള അനുമതികൾ തട്ടിപ്പുകാർക്ക് ലഭിക്കുന്നു.

ഇതോടെ ഫോണിന്റെ സുരക്ഷാ സംവിധാനങ്ങൾ പൂർണ്ണമായും തകരുകയും, ഉടമയുടെ അറിവോ സമ്മതമോ കൂടാതെ തന്നെ ഫോണിലെ മറ്റ് ആപ്ലിക്കേഷനുകളിലേക്ക് തട്ടിപ്പുകാർക്ക് പ്രവേശനം ലഭിക്കുകയും ചെയ്യും. ഈ ബാക്ക്ഡോർ എൻട്രി (രഹസ്യ പ്രവേശനം) വഴി ഫോണിന്റെ പൂർണ്ണ നിയന്ത്രണം കൈക്കലാക്കുന്ന സംഘം, ഫോണിലുള്ള യുപിഐ, ബാങ്കിംഗ് ആപ്പുകൾ വഴി അക്കൗണ്ടുകളിൽ നിന്ന് പണം അനധികൃതമായി സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റുന്നു.

പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട മുൻകരുതലുകൾ:

ലിങ്കുകൾ വഴി എപികെ ഇൻസ്റ്റാൾ ചെയ്യരുത്: ലോകകപ്പ് മത്സരങ്ങൾ കാണാനെന്ന പേരിൽ സാമൂഹ്യമാധ്യമങ്ങളിലൂടെ ലഭിക്കുന്ന ഒരു എപികെ ഫയലുകളും ഫോണിൽ ഇൻസ്റ്റാൾ ചെയ്യാതിരിക്കുക.

ഔദ്യോഗിക പ്ലാറ്റ്‌ഫോമുകൾ മാത്രം ആശ്രയിക്കുക: ആപ്ലിക്കേഷനുകൾ ആവശ്യമെങ്കിൽ ഗൂഗിൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ തുടങ്ങിയ വിശ്വസനീയമായ ഇടങ്ങളിൽ നിന്ന് മാത്രം ഡൗൺലോഡ് ചെയ്യുക.

സൗജന്യ വാഗ്ദാനങ്ങളിൽ വീഴരുത്: "Free Premium Subscription", "Unlimited Sports Access" തുടങ്ങിയ അതിശയോക്തിപരമായ പരസ്യങ്ങളെ അപ്പാടെ വിശ്വസിക്കരുത്.

അനുമതികൾ നൽകുമ്പോൾ ശ്രദ്ധിക്കുക: അക്സസിബിലിറ്റി സർവീസ്, ഇൻസ്റ്റാൾ അൺനോൺ ആപ്സ്, സ്ക്രീൻ കൺട്രോൾ തുടങ്ങിയ നിർണ്ണായക അനുമതികൾ ആവശ്യപ്പെടുന്ന ആപ്പുകൾ പൂർണ്ണമായും ഒഴിവാക്കുക.

ബാങ്കിംഗ് ആപ്പ് സുരക്ഷ: ബാങ്കിംഗ്, യുപിഐ ആപ്ലിക്കേഷനുകൾ ഉപയോഗിക്കുമ്പോൾ ഫോണിന്റെ സുരക്ഷാക്രമീകരണങ്ങൾ കൃത്യമാണെന്ന് ഉറപ്പുവരുത്തുക.

ലിങ്കുകൾ ഫോർവേഡ് ചെയ്യരുത്: സുരക്ഷ ഉറപ്പില്ലാത്ത ഇത്തരം സംശയാസ്പദമായ ലിങ്കുകൾ സുഹൃത്തുക്കൾക്കോ കുടുംബാംഗങ്ങൾക്കോ ഒരു കാരണവശാലും ഫോർവേഡ് ചെയ്യരുത്.

ചതിക്കപ്പെട്ടാൽ എന്തുചെയ്യണം?

നിങ്ങൾ ഏതെങ്കിലും തരത്തിലുള്ള സൈബർ സാമ്പത്തിക തട്ടിപ്പിന് ഇരയായാൽ ഒട്ടും സമയം കളയാതെ ഉടൻ തന്നെ 1930 എന്ന ഔദ്യോഗിക സൈബർ ഹെൽപ്‌ലൈൻ നമ്പറിലോ, അല്ലെങ്കിൽ https://cybercrime.gov.in എന്ന ദേശീയ സൈബർ ക്രൈം പോർട്ടൽ വഴിയോ എത്രയും വേഗം പരാതി രജിസ്റ്റർ ചെയ്യേണ്ടതാണ്. ആദ്യത്തെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പരാതി നൽകിയാൽ നഷ്ടപ്പെട്ട പണം തിരിച്ചുപിടിക്കാനുള്ള സാധ്യത കൂടുതലാണെന്ന് സൈബർ വിദഗ്ധർ ഓർമ്മിപ്പിക്കുന്നു.