സോള്‍: കൊവിഡ് കാലത്ത് കാണികളെ പ്രവേശിപ്പിക്കാതെ ഫുട്ബോള്‍ മത്സരങ്ങള്‍ നടത്തുമ്പോള്‍ ഗ്യാലറിയില്‍ കാണികള്‍ക്ക് പകരം സെക്സ് ഡോളുകളെ വെച്ച സംഭവത്തില്‍ ദക്ഷിണ കൊറിയന്‍ ഫുട്ബോള്‍ ക്ലബ്ബ് മാപ്പു പറഞ്ഞു. കാണികളുടെ പ്രതീതി ജനിപ്പിക്കാനായി സ്റ്റേഡിയത്തില്‍ നിരത്തിവെച്ച ബൊമ്മകളില്‍ ചിലത് സെക്സ് ഡോളുകളാണെന്ന് ആക്ഷേപമുയര്‍ന്നതോടെയാണ് കൊറിയയിലെ ഒന്നാം ഡിവിഷന്‍ ലീഗായ കെ-ലീഗിലെ മുന്‍നിര ടീമായ എഫ്‌സി സോള്‍ ആരാധകരോട് മാപ്പു പറഞ്ഞത്.

സ്റ്റേഡിയത്തില്‍ പത്തോളം ബൊമ്മകളെയാണ് കളിക്കാരുടെ വലിയ കട്ടൗട്ടുകള്‍ക്ക് പിന്നിലായി വച്ചിരുന്നത്. ഇതില്‍ ചിലത് സെക്സ് ഡോളുകള്‍ ആണെന്ന് ആരാധകര്‍ കണ്ടെത്തിയതോടെയാണ് സംഭവം വിവാദമായത്. എന്നാല്‍ ബൊമ്മകള്‍ വിതരണ൦ ചെയ്ത സ്ഥാപനത്തിന് സംഭവിച്ച പിഴവാണ് ഇതിന് കാരണമെന്നും സംഭവത്തില്‍ ആരാധകരോട് മാപ്പു പറയുന്നുവെന്നും ക്ലബ്ബ് ഇന്‍സ്റ്റഗ്രാം കുറിപ്പില്‍ വ്യക്തമാക്കി.

Also Read: മെസ്സിയും റൊണാള്‍ഡോയും നെയ്മറുമല്ല, യഥാര്‍ത്ഥ 'GOAT' ആരെന്ന് പ്രഖ്യപിച്ച് റോബര്‍ട്ടോ കാര്‍ലോസ്

കെ ലീഗില്‍ ഞായറാഴ്ച നടന്ന ഗ്വാങ്ഷു എഫ്‌സിക്കെതിരായ മത്സരത്തിലാണ് സ്റ്റേഡിയത്തിലെ ആരാധകരുടെ കുറവ് നികത്താനായി ക്ലബ് മനുഷ്യരൂപമുള്ള പാവകളെ വെച്ചത്. കൊവിഡ് പ്രതിസന്ധി കാലകത്ത് ആരാധകരെ സന്തോഷിപ്പിക്കുന്ന എന്തെങ്കിലും ചെയ്യണമെന്നേ ഉദ്ദേശിച്ചുള്ളൂവെന്നും അത് ഇത്തരത്തില്‍ വലിയൊരു അബദ്ധമായി പോയതില്‍ ഖേദമുണ്ടെന്നും ഇനിയൊരിക്കലും ഇതാവര്‍ത്തിക്കില്ലെന്നും ക്ലബ്ബ് വ്യക്തമാക്കി.

എന്നാല്‍ ക്ലബ്ബിന്റെ വിശദീകരണത്തില്‍ ആരാധകരില്‍ ഭൂരിഭാഗവും തൃപ്തരല്ലെന്നാണ് സൂചന. ഒരുപാട് കടമ്പകളിലൂടെ കടന്നാണ് ബൊമ്മകള്‍ സ്റ്റേഡിയത്തില്‍ എത്തിച്ചതെന്നും അതുവരെയ്ക്കും ആരും ഇത് ശ്രദ്ധിച്ചില്ലെന്നത് വിശ്വസിക്കാനാവില്ലെന്നും ആരാധകരില്‍ ഒരു വിഭാഗം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചു.